തിരുവനന്തപുരം: ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ന്യുമോണിയ ബാധ സ്ഥിരീകരിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കേഡലിന് ചികിത്സ നല്‍കിവരുന്നത്. മരുന്നുകളോട് നേരിയ പ്രതികരണം മാത്രമേ ഉണ്ടാകുന്നുള്ളുവെന്നാണ് വിവരം. കേഡലിന്റെ ചികിത്സാ മേല്‍നോട്ടത്തിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.

നന്തന്‍കോട് കൂട്ടക്കൊലയില്‍ പ്രതിയായ കേഡലിന് അപസ്മാര ബാധയെത്തുടര്‍ന്നാണ് ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയത്. അച്ഛനും അമ്മയും സഹോദരിയുമടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു ഇയാള്‍. അച്ഛനും അമ്മയും സഹോദരിയുമടക്കം നാലു പേരെയാണ് കേഡല്‍ കൊലപ്പെടുത്തിയത്.

ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍നിന്നും പുക ഉയരുന്നെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് നാലുപേര്‍ വീടിനുള്ളില്‍ മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. റിട്ടയേര്‍ഡ് ആര്‍എംഒ ഡോക്ടര്‍ ജീന്‍ പദ്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരാണ് മരിച്ചത്.

ഇതില്‍ ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി, പുഴുവരിച്ച നിലയിലുമായിരുന്നു. ആദ്യം ആസ്ട്രല്‍ പ്രൊജക്ഷനെന്നും പിന്നീട് കുടുംബത്തോടുള്ള വൈരാഗ്യവുമാണ് കൊല നടത്താനുള്ള കാരണമായി കേദല്‍ മൊഴി നല്‍കിയിരുന്നത്. പിന്നീട് പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.