കണ്ണൂര്‍: വയല്‍കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍ വിലക്ക് .ചുമട്ട് തൊഴിലാളിയായ രതീഷ് ചന്ദ്രോത്തിനെയാണ് സിഐടിയു തൊഴില്‍ വിലക്കിയത്. ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. മാപ്പ് പറഞ്ഞാല്‍ ജോലി നല്‍കാമെന്ന് സിഐടിയു അറിയിച്ചു. അസി. ലേബര്‍ ഓഫീസര്‍ക്ക് രതീഷ് പരാതി നല്കിയെങ്കിലും ഫലമുണ്ടായിട്ടില്ല.

സുരേഷ് കീഴാറ്റൂരിന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പുതിയ നടപടി. ബൈക്കിലെത്തിയ അജ്ഞാതരാണ് വീടിന് കല്ലെറിഞ്ഞത്.

സിപിഐഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കത്തിച്ചതോടെയാണ് സമരക്കാരും പാര്‍ട്ടിയും നേര്‍ക്കുനേര്‍ വന്നത്.  സമരപ്പന്തല്‍ പുനസ്ഥാപിച്ച് പൂര്‍വാധികം ശക്തമായി സമരം തുടരാനാണ് വയല്‍ക്കിളികളുടെ തീരുമാനം. ഇതിനുവേണ്ടി സമരത്തെ പിന്തുണയ്ക്കുന്നവരെ അണിനിരത്തി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരേക്ക് പ്രകടനം നടത്തും.

എന്നാല്‍ ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കാനാണ് സിപിഐഎം നീക്കം. പുറത്തുനിന്നെത്തുന്നവരെ തടയാന്‍ കാവല്‍ സമരം എന്ന പേരില്‍ സിപിഐഎം പ്രവര്‍ത്തകരേയും അനുഭാവികളേയും അണിനിരത്തും. ബൈപാസിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തവരേയും പങ്കെടുപ്പിക്കും. വയല്‍ക്കിളികള്‍ സമരപ്പന്തല്‍ കെട്ടിയാല്‍ കാവല്‍ സമരപ്പന്തലും നിര്‍മിക്കും.

ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ സംഘര്‍ഷസാധ്യതയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കീഴാറ്റൂര്‍ സമരത്തില്‍ എല്‍ഡിഎഫിലും പുറത്തും ഒരുപോലെ സമ്മര്‍ദത്തിലായ സിപിഐഎമ്മിനും സര്‍ക്കാരിനും പുതിയ സംഭവവികാസങ്ങള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കും.