തിരുവനന്തപുരം: വിറ്റു പോകാത്ത വാഹനങ്ങളുടെ നിര്‍മ്മിച്ച മാസവും വര്‍ഷവും മാറ്റി പുതിയ വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റി ധരിപ്പിച്ച് വില്‍പ്പന നടത്തിയ ഒന്‍പത് വാഹന ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് താത്കാലികമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ റദ്ദ് ചെയ്തു.  കോഴിക്കോട് ജില്ലയിലെ വാഹന ഡീലര്‍മാരായ ക്ലാസിക്ക് സ്‌ക്രൂബൈക്ക്‌സ്, എ.കെ.ബി മോട്ടോര്‍സ്, ഫ്‌ളെക്‌സ് മോട്ടോര്‍സ്, കെ.വി.ആര്‍ മോട്ടോര്‍സ്, കോട്ടയം ജില്ലയിലെ എസ്.ജി മോട്ടോര്‍സ്, ടി.വി. സുന്ദരം അയ്യങ്കാര്‍ ആന്റ് സണ്‍സ്, ആലപ്പുഴ ജില്ലയിലെ മീനത്ത് ആട്ടോ സെന്റര്‍ , എ.എസ്.ടി മോട്ടോര്‍സ്, തിരുവനന്തപുരം ജില്ലയിലെ മരക്കാര്‍ മോട്ടോര്‍സ് എന്നിവരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റാണ് റദ്ദ് ചെയ്തത്.

വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ച് വില്ക്കുന്നതിനും വില്പപനാനന്തര സേവനങ്ങള്‍ക്കുമായാണ് മോട്ടോര്‍ വാഹന വകുപ്പ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സസ്‌പെണഷന്‍ കാലാവധി തീരുന്നതുവരെ ഈ ഡീലര്‍മാര്‍ക്ക് വാഹനങ്ങള്‍ വില്‍ക്കുന്നതിന് അനുവാദം ഉണ്ടായിരിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.