തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്നുള്ള ജാത്യാഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫ് എന്ന ചെറുപ്പക്കാരന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വാടക വീട്ടില്‍ കഴിയുന്ന കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കും. കെവിന്റെ ഭാര്യ നീനുവിന് പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായവും നല്‍കും. അതിനായി എല്ലാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.

നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് നിര്‍ദേശം വന്നിരുന്നു. എന്നാല്‍ നീനു ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ശിപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. 123 വില്ലേജുകളെ ഉള്‍പ്പെടുത്തിയുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും 424 ചതുരശ്ര മീറ്റര്‍ ജനവാസ മേഖലയെ ഒഴിവാക്കുന്ന പുതിയ മാപ്പാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുക.