അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടുത്ത അധ്യയനവര്‍ഷം അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. അംഗീകാരമില്ലാത്ത 1500 സ്‌കൂളുകള്‍ അടച്ചുപൂട്ടാനാണ് നേരത്തെ നോട്ടീസ് നല്കിയിരുന്നത്. ഇതിനെതിരെ മൂന്നുവര്‍ഷത്തെ സാവകാശം തങ്ങള്‍ക്ക് നല്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് മൂന്നു മാസത്തിനകം എതിര്‍ സത്യവാങ്മൂലം നല്‍കാനും ഇന്ന് ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ സ്‌കൂളുകള്‍ അടച്ചുപൂട്ടരുതെന്നും കോടതി പറഞ്ഞു.

അംഗീകാരമില്ലാല്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കാണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് നല്‍കിയത്. ഈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളിലെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. സ്‌കൂളുകള്‍ പൂട്ടുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും നിയമസഭയില്‍ പറഞ്ഞിരുന്നു.