ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസ്സിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ പോർവിളി രൂക്ഷമായ സാഹചര്യത്തിൽ പാർട്ടി പിളർപ്പിലേക്ക് തന്നെ എന്ന് വ്യക്തമായതോടെ ഇരുപക്ഷങ്ങളിലും കരുനീക്കങ്ങൾ ഊർജിതപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് ജോസ് വിഭാഗം ഒപ്പുവെച്ച കത്തിൽ എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ ജയരാജനും മാത്രമാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സി എഫ് തോമസ് ജോസ് വിഭാഗത്തിൽ നിന്നും അകന്നതായി ഇതോടെ വ്യക്തമായി. ജോസഫ് പക്ഷത്ത് മോൻസ് ജോസഫ്, സി എഫ് തോമസ് എന്നിവർ നിലയുറപ്പിച്ചതോടെ ഇവർക്ക് മൂന്ന് എംഎൽഎമാരുടെ പിന്തുണയായി.

ചെയർമാന് തന്നെ പാർട്ടി ഭരണഘടനയിൽ വ്യക്തമായ അധികാരങ്ങൾ ഉറപ്പിച്ചിട്ടുള്ളതിനാൽ ജോസ് വിഭാഗം പാർട്ടി പിളർത്തിയാൽ കൂറുമാറ്റ നിയമം ഉപയോഗിച്ച് തിരിച്ചെടുക്കാനുള്ള നീക്കം നിയമവിദഗ്ധരുമായി ജോസഫ് വിഭാഗം നേതാക്കൾ ഇതിനോടകം ചർച്ചകൾ നടത്തിക്കഴിഞ്ഞു. ജോസഫ് ചെയർമാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് സ്പീക്കർക്ക് നൽകിയാൽ ജോസ് വിഭാഗം ഇത് അംഗീകരിക്കാൻ സാധ്യതയില്ല. നിയമസഭയിൽ രണ്ട് അംഗങ്ങൾ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെടാനും ജോസ് വിഭാഗം നീക്കം നടത്തുന്നുണ്ട്. ഇത് പാർട്ടിയിൽ പിളർപ്പിന് തുല്യമായി വരുന്നതാണ്. ജോസഫ് കൂറ് മാറ്റ നിയമപ്രകാരം ജോസ് വിഭാഗത്തിലെ എംഎൽഎമാരെ അയോഗ്യർ ആക്കാനുള്ള നീക്കം നടത്താനാണ് സാധ്യത.

എന്നാൽ ഈ കാര്യത്തിൽ സ്പീക്കറുടെ നിലപാടാണ് നിർണായകം. ജോസ് വിഭാഗവുമായി ചില സിപിഎം ഉന്നതനേതാക്കൾ കഴിഞ്ഞദിവസം ബന്ധപ്പെട്ടിരുന്നു. കേരള കോൺഗ്രസ് പിളർത്തി ശക്തി ക്ഷയിപ്പിക്കണമെന്ന കോൺഗ്രസിന്റെ എക്കാലത്തെയും സ്വപ്നം നടപ്പാക്കാനാണ് പ്രശ്നങ്ങളിൽ ഇടപെടാതെ മാറി നിൽക്കുന്നത്. കോട്ടയം ജില്ലയിലെ സീനിയർ നേതാക്കൾ പോലും.

പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജോസഫിനു സീറ്റ് നൽകണമെന്ന് ഈ മുതിർന്ന നേതാക്കൾ ജോസ് കെ മാണിയോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം കൂട്ടാക്കാത്തതിന്റെ നീരസം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജോസഫിനു സീറ്റ് നൽകി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ പല കോൺഗ്രസ് നേതാക്കളും ജോസിനോട് വ്യക്തിപരമായി തന്നെ ആവശ്യപ്പെട്ടു. അതിനു തയ്യാറാകാത്തതിന്റെ അമർഷമാണ് കോൺഗ്രസ് പ്രശ്നങ്ങളോട് നിസ്സംഗത പുലർത്താൻ കാരണം.

യുഡിഎഫ് വിട്ട് മാണി ഗ്രൂപ്പ് പുറത്തുപോയതും കോട്ടയം ഡിസിസിയുമായുള്ള തർക്കങ്ങൾ തെരഞ്ഞെടുപ്പിൽ പ്രശ്നമായില്ലെങ്കിലും ജോസഫിനെ വിട്ടുവീഴ്ചയ്ക്കു പിൻവാങ്ങാതെ നിർത്തിയതിനു പിന്നിൽ ഈ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ജോസ് വിഭാഗത്തിന്റെ ആക്ഷേപം. യുഡിഎഫിൽ ഉറച്ചു നിൽക്കണം എന്ന് പലവട്ടം ജോസഫ് പ്രഖ്യാപിക്കുന്നത് തന്നെ കോൺഗ്രസുമായുള്ള അടുത്തബന്ധം ഉള്ളതുകൊണ്ടാണ് .ജോസഫ് വിഭാഗം യുഡിഎഫിൽ ഉറച്ചു നിന്നാൽ ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളെ അടർത്തി എടുക്കാനും തൽഫലമായി ജോസഫ് ഗ്രൂപ്പ് പുനർജീവിപ്പിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നും പറയപ്പെടുന്നു. കൂറുമാറ്റം പ്രഖ്യാപിച്ചാൽ ജോസ് വിഭാഗം എൽഡിഎഫിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. നിലപാടുകൾ ശക്തമായതോടെ ജോസും ജോസഫും ഒരു പാർട്ടിയായി തുടരാനുള്ള സാധ്യത മങ്ങിയതോടെ പിളർപ്പിലേക്ക് പോകാനാണ് ഇരുവിഭാഗങ്ങളുടെയും നീക്കം.