കോണ്‍ഗ്രസ് മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്ന് കെ.എം മാണി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ തീരുമാനമെടുത്തത് അംഗങ്ങളാണ്. തനിക്കോ ജോസ് കെ. മാണിക്കോ ഇതില്‍ പങ്കില്ല. അംഗങ്ങള്‍ എടുത്ത തീരുമാനത്തെ തളളിപ്പറയില്ല. സി.പി.എമ്മിനോട് ചര്‍ച്ച നടത്തിയിട്ടില്ല. അങ്ങോട്ട് പോകുന്നുമില്ലെന്ന് കെ.എം.മാണി പറഞ്ഞു.

പാര്‍ട്ടിക്ക് ശക്തിയില്ലെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് കോട്ടയത്ത് നടപ്പാക്കിയതെന്ന് കേരള കോണ്‍ഗ്രസ്. കരാര്‍ ലംഘനത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

സിപിഎമ്മിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ അട്ടിമറിച്ച് കേരള കോണ്‍ഗ്രസ് എം. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു. കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. കോണ്‍‌ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാമെന്ന് കരാറുണ്ടാക്കിയശേഷം നാടകീയമായാണ് കേരള കോണ്‍ഗ്രസ് അട്ടിമറി നടത്തിയത്.

ഇരുപത്തിരണ്ട് അംഗങ്ങളുള്ള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സിപിഎം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് സക്കറിയാസ് കുതിരവേലി പ്രസിഡന്റാകുകയും ചെയ്തു. സിപിഎമ്മിന്റെ ആറുവോട്ടടക്കം കുതിരവേലിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചു. സണ്ണിക്ക് എട്ടും. സിപിഐ വോട്ടുചെയ്തില്ല. പി.സി.ജോര്‍ജ് വിഭാഗം ഏക വോട്ട് അസാധുവാക്കി.

അപ്രതീക്ഷിതമായി തിരിച്ചടിയില്‍ രോഷാകുലരായ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസുമായുള്ള അവശേഷിക്കുന്ന ബന്ധവും വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

കെ എം മാണി നെറികേടിന്റെ പര്യായമെന്ന് കെ.മുരളീധരന്‍. ഇന്ന് സിപിഎം പിന്തുണ തേടിയവര്‍ നാളെ മോദിയുടെ പിന്തുണ തേടും. തല്ലുന്നവരുടെ കൈ തലോടാനാണ് മാണിക്കിഷ്ടം. തോന്നുമ്പോള്‍ വന്നുപോകാനുള്ള വഴിയമ്പലമല്ല യു ഡി എഫ്. കാക്ക മലര്‍ന്ന് പറന്നാലും മാണിയും ജോസ് കെ മാണിയും ഇനി യു ഡി എഫിലുണ്ടാകില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.