ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയെ ഇനി കേന്ദ്ര നേതൃത്വം നിര്‍ബന്ധിക്കാനും സാധ്യതയില്ല.

അതേ സമയം കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനോട് മത്സര രംഗത്തിറങ്ങാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഇതിനായി സുധീരനോട് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സുധീരനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനാണ് നീക്കം.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് വീണ്ടും ജനവിധി തേടും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഇതിനോടകം തന്നെ വേണുഗോപാല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

സിറ്റിങ് എംപിമാരില്‍ എറണാകുളത്ത് കെ.വി.തോമസ് മത്സരിക്കുന്ന കാര്യം സംശയത്തിലാണ്. പ്രദേശിക വികാരം എതിരായി നില്‍ക്കുന്ന കെ.വി.തോമസിന് ഹൈക്കമാന്‍ഡ് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. കണ്ണൂരില്‍ കെ.സുധാകരനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ഥിയാകുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി.

വടകരയില്‍ എ.പി.അബ്ദുള്ളക്കുട്ടി. കാസര്‍കോട് സുബ്ബറായി എന്നിവരുടെ പേരുകളാണ് പറഞ്ഞ്‌കേള്‍ക്കുന്നത്. വയനാട് ഷാനിമോള്‍ ഉസ്മാന്‍, ടി.സിദ്ദീഖ്, എംഎം ഹസ്സന്‍ എന്നിവരാണ്‌ പരിഗണനയിലുള്ളത്.

ഇതിനിടെ രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത പിസിസി അധ്യക്ഷന്‍മാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ജനമഹാ യാത്രയിലായതിനാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കില്ല. പകരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലെ കാര്യങ്ങള്‍ വിശദീകരിക്കും. രാവിലെ 10 മണിയോടെയാണ് യോഗം.