കുഞ്ചെറിയ മാത്യു

മോഡി മന്ത്രിസഭയുടെ വികസനം ആസന്നമായ സാഹചര്യത്തില്‍ ജോസ്‌ കെ.മാണിയുടെ പെട്ടെന്നുള്ള മലക്കംമറിച്ചില്‍ കേരളത്തിന്‌ കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കി. എന്‍ഡിഎ മുന്നണി വിപുലമാക്കുക, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കുക, കേരളത്തില്‍ പച്ചതൊടാതെ നില്‍ക്കുന്ന പാര്‍ട്ടിയെ കൈപിടിച്ചുയര്‍ത്തുക എന്നീ വിശാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്റഎ യുവമുഖമായ ജോസ്‌ കെ മാണിയെ മന്ത്രിസഭയില്‍ കൊണ്ടുവരാന്‍ ബിജെപി പദ്ധതിയിട്ടത്‌. കഴിഞ്ഞ മാസം സംസ്ഥാനത്തെത്തിയ ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്‌ ഷാ കേരളത്തില്‍ നിന്ന്‌്‌ ഒരു ന്യൂനപക്ഷ സമുദായാംഗം മന്ത്രിസഭയിലെത്തേണ്ടതിന്റെ ആവശ്യകത സംസ്ഥാനത്തെ ബിജെപി ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ജോസ്‌ കെ.മാണിയുടെ പെട്ടെന്നുള്ള മലക്കംമറിച്ചില്‍ എല്ലാം അവതാളത്തിലാക്കി.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോട്ടയത്തു നിന്ന്‌ പാര്‍മെന്റിലേക്ക്‌്‌ മത്സരിക്കുമ്പോള്‍ ബിജെപിക്കൊപ്പം വിജയസാധ്യതയില്ലാത്ത വിലയിരുത്തലാണ്‌ ജോസ്‌ കെ. മാണിയെ പുനര്‍വിചിന്തനത്തിന്‌ പ്രേരിപ്പിച്ചത്‌. സ്വന്തം പാര്‍ട്ടിയില്‍ നിന്ന്‌ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള എതിര്‍ സ്വരങ്ങളെയും കെ.എം.മാണിയും ജോസ്‌ കെ. മാണിയും കണക്കിലെടുത്തു. ബിജെപിക്കൊപ്പം പോയാല്‍ ചിലപ്പോള്‍ കേരള കോണ്‍ഗ്രസ്‌ പിളരാനിടയുണ്ട്‌. ഇനിയും ഒരു പിളര്‍പ്പിനെ നേരിട്ട്‌ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രായവും കാലവും അനുകൂലമല്ലെന്ന്‌ ഏറ്റവും നന്നായി അറിയാവുന്നത്‌ കെ.എം.മാണിക്കാണ്‌. ഒകു പിളര്‍പ്പിനെ നേരിട്ട്‌ പാര്‍ട്ടിയെ മുന്നോട്ട്‌ കൊണ്ടുപോകാനുള്ള വ്യക്തിപ്രഭാവം ജോസ്‌ കെ മാണിക്കൊട്ട്‌ ഇല്ല താനും. മാത്രമല്ല, ബിജെപിക്കൊപ്പം പോയാല്‍ പിന്നീട്‌ ഇരു മുന്നണികളും സ്വീകരിക്കില്ല എന്ന ഭയവും കേരള കോണ്‍ഗ്രസിനുണ്ട്‌. പി.സി.തോമസിന്റെ അനുഭവമാണ്‌ ഇതിനു കാരണം. പിസിയും സ്‌കറിയാ തോമസും തമ്മിലുള്ള വടംവലിയില്‍ അണികള്‍ പി.സി.തോമസിനൊപ്പമായിരുന്നെങ്കിലും പി.സി എന്‍ഡിഎ മുന്നണിയില്‍ നിന്ന്‌ മന്ത്രിയായ കലിപ്പ്‌ സിപിഎമ്മിന്‌ ഇപ്പോഴും ഉള്ളതിനാലാണ്‌ നേതൃത്വം സ്‌കറിയ തോമസിനൊപ്പം നിന്നത്‌.

ജോസ്‌ കെ.മാണിയുടെ തകിടം മറിച്ചില്‍ പി.സി.തോമസിന്റെയും അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെയും സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്‌. മന്ത്രിപദമല്ലെങ്കില്‍ കേന്ദ്രത്തില്‍ മറ്റെന്തെങ്കിലും ഉന്നത സ്ഥാനം നല്‌കി മധ്യതിരുവിതാംകൂറില്‍ നിന്ന്‌ ഒരു ക്രിസ്‌ത്യന്‍ പ്രാതിനിധ്യം ഉണ്ടാക്കാനാണ്‌ ബിജെപി.യുടെ ശ്രമം. മന്ത്രിപദം നല്‍കിയാല്‍ ഇവരെ എങ്ങനെ പാര്‍ലമെന്റില്‍ എത്തിക്കും എന്നതാണ്‌ ബിജെപിയെ അലട്ടുന്ന പ്രശ്‌നം.

ഇതിനിടയില്‍ വെള്ളാപ്പള്ളിയുടെ മോഹങ്ങള്‍ വീണ്ടും നീര്‍ക്കുമിളകളായ ലക്ഷണമാണ്‌. ഇതിന്റെ പ്രതിഫലനമാണ്‌ ബിഡിജെഎസിന്‌ പറ്റിയ മുന്നണി ഇടതുപക്ഷമാണെന്ന്‌ വെള്ളാപ്പള്ളി രണ്ട്‌ ദിവസം മുമ്പ്‌ പ്രസ്‌താവനയിറക്കിയത്‌. കഴിഞ്ഞ കുറേക്കാലമായി മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ബിജെപി സഖ്യത്തില്‍ നിലനിര്‍ത്തിയും സ്വയം ഇടതുമുന്നണിയോട്‌ ആഭിമുഖ്യം കാട്ടിയും ഒരു ഞാണിന്‍മേല്‍ കളിയിലാണ്‌ വെള്ളാപ്പള്ളി നടേശന്‍. കേന്ദ്രത്തിലും സംസ്ഥാത്തും അധികാരമുള്ള പാര്‍ട്ടികളെ പ്രീണിപ്പിച്ച്‌ നിര്‍ത്തിയാല്‍ തനിക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളിലുള്ള അന്വേഷണത്തിന്‌ തടയിടാമെന്നാണ്‌ വെള്ളാപ്പള്ളിയുടെ കണക്കുകൂട്ടല്‍.