ബിനോയി ജോസഫ്

കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണ്ണായക ചലനം സൃഷ്ടിക്കുന്ന രീതിയിൽ കരുത്തുകാട്ടി കേരള കോൺഗ്രസ് എം സംസ്ഥാന സമ്മേളനം കോട്ടയത്ത് സമാപിച്ചു. കേരള കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ആസൂത്രിതവും സാങ്കേതിക തികവുമാർന്ന സംഘാടന മികവിന്റെ ഉദാഹരണമായി കോട്ടയം മഹാ സമ്മേളനം മാറി. മാസങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പാർട്ടിയെ അടിമുടി ശക്തമാക്കിയാണ് കേരള കോൺഗ്രസ് ഇത്തവണ കരുത്തു കാട്ടിയത്. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട് ഒറ്റയ്ക്ക് മുന്നോട്ട് പോകുവാൻ പ്രാപ്തമാക്കാൻ തക്കവിധമുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത് എന്ന് സമ്മേളനം തെളിയിച്ചു. പാർട്ടി പ്രവർത്തകരായ ആയിരക്കണക്കിന് വനിതകളും സമ്മേളനത്തിൽ ആവേശത്തോടെ പങ്കെടുത്തു. പാർട്ടിയുടെ ശക്തികേന്ദ്രമായ മലബാർ മേഖലയിൽ നിന്നും ഇടുക്കിയടക്കമുള്ള മറ്റു ജില്ലകളിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളിലാണ് പ്രവർത്തകർ എത്തിയത്.

കേരള കോൺഗ്രസിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കന്മാരുടെ പിൻബലത്തിൽ പാർട്ടിയുടെ യുവ നേതൃനിരയാണ് സമ്മേളനത്തിന്റെ ചുക്കാൻ പിടിച്ചത്. ആധുനിക സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും വേണ്ട രീതിയിൽ ഉപയോഗിച്ച് പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാനും വേണ്ട നിർദ്ദേശങ്ങൾ സമയാസമയത്ത് അവരിൽ എത്തിക്കാനും പാർട്ടി നേതൃത്വത്തിനു കഴിഞ്ഞു. കോട്ടയത്തെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മഹാസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലക്ഷത്തോളം വരുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ട സൗകര്യമൊരുക്കാനും എത്തിച്ചേർത്ത വാഹനങ്ങൾക്ക് സുഗമമായ പാർക്കിംഗ് സജ്ജീകരണങ്ങളും നേതൃത്വം ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകാതിരിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമുള്ള എല്ലാ പദ്ധതിയും നേതൃത്വം  ദിവസങ്ങളോളം കോട്ടയത്ത് ക്യാമ്പ് ചെയ്ത് ഉറപ്പു വരുത്തിയിരുന്നു.

യു ഡി എഫ് വിട്ടതിനു ശേഷം ഒറ്റയ്ക്ക് മുന്നോട്ടു പോവുന്ന കേരള കോൺഗ്രസ് എമ്മിന് ഊർജവും ഉൻമേഷവും പ്രതീക്ഷയും നല്കുന്ന നിലപാടുകളാണ് പാർട്ടി നേതൃത്വം സ്വീകരിച്ചത്. പാർട്ടി ചെയർമാൻ കെ.എം മാണി, വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്, വൈസ് ചെയർമാൻ ജോസ് കെ മാണി, ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എന്നിവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പാർട്ടിയുടെ സമ്മേളന കാര്യക്രമങ്ങൾ പുരോഗമിച്ചത്. പൊതുജന സൗഹൃദപരമായ രീതിയിൽ സമ്മേളനം നടത്തി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അനുകരണീയമായ മാതൃക നല്കാനുള്ള നൂതന സംഘാടന രീതികൾക്ക് ജീവൻ നല്കിയത് ജോസ് കെ മാണി എം.പിയാണ്. ലക്ഷത്തോളം വരുന്ന പ്രവർത്തകർ അണിനിരന്ന റാലിയ്ക്ക് നേതൃത്വം നല്കിയത് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിനായിരുന്നു. സമ്മേളനം നടന്ന വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി സൗജന്യ ആംബുലൻസ് സേവനവും കോട്ടയത്ത് പാർട്ടി ഒരുക്കിയിരുന്നു.

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കേരള കോൺഗ്രസിന്റെ മഹാസമ്മേളനത്തിൽ പാർട്ടി ചെയർമാൻ കെ.എം മാണി കാർഷിക ബദൽ രേഖ അവതരിപ്പിച്ചു. ഒറ്റയ്ക്കു മുന്നോട്ട് പോകാൻ പാർട്ടിയ്ക്ക് കരുത്തുണ്ട്. മുന്നണി സംവിധാനം പാർട്ടിയ്ക്ക് അനിവാര്യ ഘടകമല്ല. മുന്നണി ബന്ധങ്ങളോ രാഷ്ട്രീയ കൂട്ടുകെട്ടുകളോ അല്ല നിലവിൽ ആവശ്യമെന്നും കാർഷിക മൂല്യങ്ങളുടെ യോജിപ്പിനാണ് പാർട്ടി പ്രഥമസ്ഥാനം നല്കുന്നതെന്നും മാണി പറഞ്ഞു. മുന്നണി പ്രവേശനത്തിനായി അല്പം കൂടി കാത്തിരിക്കണം.  മുന്നണി പ്രവേശനത്തിനായി ആർക്കും അപേക്ഷ നല്കിയിട്ടില്ല. പാർട്ടിയുടെ നയങ്ങൾ അംഗീകരിക്കുകയും മാന്യമായ സ്ഥാനം നല്കുകയും ചെയ്യുന്ന മുന്നണി ഏതോ അവരുമായി സഖ്യമുണ്ടാക്കുന്നത് പരിഗണിച്ചേക്കാം എന്ന സൂചനയും പാർട്ടി ചെയർമാൻ കെ.എം മാണി നല്കി. യു ഡി എഫിൽ നിന്ന് ഉണ്ടായ നെറികേട് മറക്കാവുന്നതല്ല എന്ന് ജോസ് കെ മാണി സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ തകർക്കാൻ സംഘടിത ശ്രമമുണ്ടായി. ശത്രുക്കളല്ല മിത്രങ്ങളാണ് ചതിച്ചത്. ഇടയനെ അടിച്ചു വീഴ്ത്തി ആട്ടിൻപറ്റത്തെ ചിതറിക്കാൻ ശ്രമിച്ചവർ അതിനു വില നല്കേണ്ടി വരും. കൂടുതൽ കരുത്തോടെ കൂടുതൽ ശക്തിയോടെ കർഷകരുടെയും അദ്ധ്വാനിക്കുന്ന ജനങ്ങളുടെയും ശബ്ദമായി കേരള കോൺഗ്രസ് എം മുന്നോട്ട് പോവുമെന്ന് ജോസ് കെ മാണി പറഞ്ഞു.

കർഷകർക്ക് ദുരിതം സമ്മാനിക്കുന്ന കേന്ദ്രനയങ്ങൾക്ക് എതിരെ സമാന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. കസ്തൂരി രംഗൻ റിപ്പോർട്ടിൻമേലും പട്ടയ പ്രശ്നങ്ങളിലും പാർട്ടി കർഷകർക്ക് അനുകൂലമായ മാറ്റങ്ങൾക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തും. കേരള രാഷ്ട്രീയ രംഗത്ത് ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകണമെന്ന് പാർട്ടി പ്രതിനിധി സമ്മേളനത്തിൽ ആവശ്യമുയർന്നു. മുന്നണികളോടുള്ള കേരള കോൺഗ്രസിന്റെ നയം വ്യക്തമാക്കാൻ പ്രതിനിധികൾ പാർട്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ചു. പാർട്ടി വൈസ് ചെയർമാനും സംഘാടക സമിതി ചെയർമാനുമായ ജോസ് കെ മാണി എം.പി സ്വാഗത പ്രസംഗം നടത്തി. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം പാർട്ടി ചെയർമാൻ കെ.എം മാണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ജോയി എബ്രാഹാം എം.പി, എം.എൽ.എ മാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, മോൻസ് ജോസഫ് തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

മുന്നണി പ്രവേശനത്തെക്കുറിച്ച് പാർട്ടി കൂട്ടായ തീരുമാനമെടുക്കുമെന്ന് സമ്മേളന ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കെ.എം മാണി പറഞ്ഞു. യുഡിഎഫിലേക്ക് ക്ഷണമുണ്ടായാൽ പോകുമോ എന്ന ചോദ്യത്തിന് ക്ഷണിക്കുന്നവരുടെയെല്ലാം കൂടെ പോകാൻ കഴിയില്ല എന്നും നോക്കിയും കണ്ടും മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നായിരുന്നു കെ.എം മാണിയുടെ മറുപടി. പിണറായി വിജയന്റെ മൃദുസമീപനം ആണ് താൻ പിന്തുടരുന്നത്. മറ്റു ചിലരെപ്പോലെ കുത്തുകയും നോവിക്കുകയും ചെയ്യുന്ന ആളല്ല പിണറായി വിജയൻ എന്ന് മാണി പത്രലേഖകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

നിയോജകമണ്ഡലം മുതൽ വാർഡ് തലം വരെയുള്ള പ്രവർത്തകരും ഭാരവാഹികളും സമ്മേളന വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു. വെള്ളിയാഴ്ച നടന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മലബാർ മേഖലയിൽ നിന്നുള്ള പ്രവർത്തകർ രാവിലെ തന്നെ കോട്ടയത്ത് എത്തിച്ചേർന്നിരുന്നു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള പ്രവർത്തകർ കോടിമതയിൽ നിന്നും ഇടുക്കി, പാലാ, തൊടുപുഴ മേഖലകളിൽ നിന്നുള്ളവർ പോലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തു നിന്നും കാസർകോഡ് മുതൽ എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ എസ്. എച്ച് മൗണ്ട് കേന്ദ്രീകരിച്ചുമാണ് സമ്മേളന വേദിയായ നെഹ്റു സ്റ്റേഡിയത്തിലേക്ക് എത്തിയത്.
സമ്മേളനത്തിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ വാഹന വിളംബര ജാഥകൾ നടത്തി. സമ്മേളന ശേഷം കോട്ടയം നെഹ്റു സ്റ്റേഡിയം പൂർണമായും ശുചീകരിച്ചാണ് പാർട്ടി പ്രവർത്തകർ മടങ്ങിയത്. പ്ലാസ്റ്റിക് കപ്പുകൾ അടക്കമുള്ളവ വേർതിരിച്ച് ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം സമ്മേളന സംഘാടകർ ഒരുക്കിയിരുന്നു.