മഹ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പേനിയില്‍ കുടുങ്ങിപോയ മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. എന്നാല്‍ തകര്‍ന്ന മല്‍സ്യബന്ധന ബോട്ട് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉള്‍ക്കടലില്‍ താഴ്ന്നുപോയി. അറുപത് ലക്ഷം രൂപ വരുന്ന മല്‍സ്യബന്ധന ബോട്ടാണ് കാറ്റിലും തിരമാലയിലും നഷ്ടമായത്. ആളപായമില്ല.

കഴിഞ്ഞ 26 നാണ് പൊഴിയൂര്‍ സ്വദേശികളായ പത്തുപേരടക്കം അന്‍പത്തെട്ട് മല്‍സ്യത്തൊഴിലാളികളടങ്ങിയ ബോട്ട് കല്‍പേനിയിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചുകയറിയത്. ഇതില്‍ നാല്‍പത്തിയെട്ടുപേരെ ലക്ഷദ്വീപ് ഭരണകൂടം രക്ഷപെടുത്തി നാട്ടിലേക്ക് അയച്ചു. മണലിലുറച്ചുപോയ ബോട്ട് തിരിച്ചെടുക്കാനുളള ശേഷിച്ചവരുടെ ശ്രമം വിജയിച്ചെങ്കിലും ബോട്ട് തിരികെയെത്തിക്കാന്‍ ആരും തയാറായില്ല. ഒരു ലക്ഷത്തോളം രൂപ കിട്ടണമെന്ന വ്യവസ്ഥയോടെ ലക്ഷദ്വീപിലുള്ള ഒരു സംഘം ബോട്ട് കരയിലെത്തിക്കാമെന്ന് സമ്മതിച്ചു.

ഇതുമായി തിരികെ വരുന്നതിനിടെയാണ് ശ്കതമായ കാറ്റിലും തിരയിലും പെട്ട് ബോട്ട് രണ്ടായിപിളര്‍ന്നത്. ഇതോടെ ഇതിലുണ്ടായിരുന്നവര്‍ കടലില്‍ ചാടി ഒപ്പമുണ്ടായിരുന്ന ബോട്ടില്‍ കയറി. അധികം വൈകാതെ അകപടത്തില്‍പെട്ട ബോട്ട് കടലില്‍ ആഴ്ന്നുപോയി.അറുപതുലക്ഷത്തോളം രൂപവരുന്ന മല്‍സ്യബന്ധനബോട്ട് മുങ്ങിപ്പോയതോടെ നിരവധിപ്പേരുടെ ജീവനോപാദി കൂടിയാണ് നഷ്ടമായത്. തെങ്ങാപ്പട്ടണം ഹാര്‍ബഹറിലാണ് രക്ഷപെട്ടവര്‍ എത്തിച്ചേര്‍ന്നത്.