തിരുവനന്തപുരം: ശബരിമലയില്‍ പോലീസ് നിര്‍ദേശങ്ങള്‍ അവഗണിച്ച് സന്ദര്‍ശനം നടത്താന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലഞ്ഞ് കേരളം. ഹര്‍ത്താലിന് പിന്തുണയുമായി ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി രംഗത്ത് വന്നതോടെ പല സ്ഥലങ്ങളിലും ബസ് സര്‍വ്വീസുകളും കടകളും പ്രവര്‍ത്തിക്കുന്നത് നിര്‍ബന്ധപൂര്‍വ്വം തടഞ്ഞു. പോലീസ് സംരക്ഷണം തന്നാലെ സര്‍വീസ് ആരംഭിക്കുവെന്ന് കെ.എസ്.ആര്‍.ടി.സി.അധികൃതര്‍ അറിയിച്ചു.

ബി.ജെ.പി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രകടനത്തോടെ ബസ് സര്‍വീസുകള്‍ ഏതാണ്ട് പൂര്‍ണമായും നിലച്ചിട്ടുണ്ട്. ശബരിമലയിലെ പ്രതിഷേധ പരിപാടികള്‍ വോട്ടാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ബി.ജെ.പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്കും പ്രതിഷേധ പരിപാടികള്‍ വ്യാപിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും പിന്തുണ നല്‍കാനാണ് ബി.ജെ.പിക്ക് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് സൂചന.

ശനിയാഴ്ച പുലര്‍ച്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ ഓഫീസുകളിലേക്കും മറ്റും പുറപ്പെട്ട ഭൂരിപക്ഷം പേരും അറിഞ്ഞിരുന്നില്ല. ചികിത്സക്കും മറ്റും പോകുന്നവരെ ഹര്‍ത്താല്‍ വെട്ടിലാക്കിയിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധയിടങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. നിര്‍ദേശം മറികടന്ന് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ശശികലയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചതോടെയാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വിവിധ ജില്ലകളില്‍ ഇന്ന് നടത്താനിരുന്ന ജില്ലാ ശാസ്ത്രമേളകള്‍ മാറ്റിവെച്ചിട്ടുണ്ട്. വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവവും നാളത്തേക്ക് മാറ്റി. കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷ മാറ്റിവെച്ചു. തിരുവനന്തപുരത്ത് ജില്ലാകളക്ടറുടെ അദാലത്തും മാറ്റിവെച്ചിട്ടുണ്ട്.