സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിൽ ഭയാനകമായ സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പനി ബാധിച്ച് അഞ്ച് പേർ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡില്‍ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർ രോഗിയെ ചികിത്സിച്ച നഴ്സുമാരാണ്. പറവൂർ സ്വദേശിയും യുവാവിന്റെ സഹപാഠിയും ചാലക്കുടിക്കാരനായ മറ്റൊരു യുവാവുമാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല. യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന 311 പേരുടെ പട്ടികയും തയാറാക്കിയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിലെ അവസ്ഥയിൽ ഭയാനകമായി ഒന്നുമില്ല. വരും ദിവസങ്ങളിൽ അതീവശ്രദ്ധ വേണം. സ്കൂളുകൾക്ക് അവധി നൽകുന്നത് സംബന്ധിച്ച് അടുത്ത ദിവസത്തെ സ്ഥിതികൂടി പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും. അവധി നൽകിയാലും മുൻകരുതൽ എന്ന നിലയിൽ മാത്രമാകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നാളെയും താൻ കൊച്ചിയിൽ തങ്ങി സ്ഥിതി വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു.

എറണാകുളത്ത് നിപ സ്ഥിരീകരിച്ച ഇരുപത്തിമൂന്നുകാരന്റെ നില മെച്ചപ്പെട്ടു. യുവാവിന്റെ പനി കുറഞ്ഞു. പറവൂര്‍ സ്വദേശിക്കാണ് നിപ ബാധിച്ചത്. ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി. തൊടുപുഴയിലും,തൃശൂരിലും ,എറണാകുളത്തും പരിശോധനകള്‍ നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. നിപ ബാധിതനായ യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന മുന്നൂറ്റി പതിനൊന്ന് പേരുടെ പട്ടികയും തയാറാക്കി. അതേസമയം നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രണ്ട് കേസ് റജിസ്ററര്‍ ചെയ്തു.