കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു രാത്രി കഴിഞ്ഞ ശേഷമാണ് പൊലീസ് ക്ലബിലെത്തിച്ചത്. ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ബിഷപ്പിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉച്ചയ്ക്ക് 12 മണിക്ക് പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്നുദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും എന്നാണ് വിവരം. ബിഷപ് ജാമ്യാപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡി അപേക്ഷയെ എതിര്‍ക്കും. ബിഷപ്പിനുവേണ്ടി അഡ്വ.ബി.രാമന്‍പിള്ളയാണ് ഹാജരാകുക. നടന്‍ ദിലീപിന്റെ അഭിഭാഷകനാണ് രാമന്‍പിള്ള.

അന്വേഷണസംഘത്തോട് കടപ്പാടെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. കടുത്ത സമ്മര്‍ദങ്ങള്‍ അവഗണിച്ച് അന്വേഷണസംഘം ചുമതല നിറവേറ്റിയെന്ന് സമരക്കാര്‍ പ്രതികരിച്ചു. സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എന്തുനടപടിയുണ്ടായാലും നേരിടുമെന്നും പീഡനമനുഭവിക്കുന്ന ഒരുപാട് കന്യാസ്ത്രീമാര്‍ക്കായാണ് ഈ പോരാട്ടമെന്നും അവര്‍ പറഞ്ഞു.

ദിവസം മുഴുവന്‍ നീണ്ട നാടകീയതയ്ക്കൊടുവിലാണ് ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തിയത്. അറസ്റ്റിനുള്ള നടപടികളെല്ലാം പൂര്‍ത്തീകരിച്ചശേഷം രേഖകള്‍ പ്രോസിക്യൂഷന്‍ ഡയറക്ടറുടെ കൂടി പരിഗണനയോടെയാണ് അംഗീകരിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖംതരാതെ ബിഷപ്പ് നടത്തിയ യാത്രയോളം തന്നെ നാടകീയതയുണ്ടായിരുന്നു അറസ്റ്റിനും. കോട്ടയം എസ്പി വ്യഴാഴ്ച വൈകിട്ട് പറഞ്ഞ പത്ത് ശതമാനം സംശയങ്ങള്‍ക്ക് രാവിലെ തന്നെ നിവാരണമുണ്ടായെങ്കിലും അറസ്റ്റ് പിന്നെയും നീണ്ടു. വ്യാഴാഴ്ച തന്നെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചെങ്കിലും എസ്പിയും ഡിവൈഎസ്പിയും എടുത്ത് ചാട്ടത്തിന് മുതിര്‍ന്നില്ല. നിയമപരമായ നടപടികള്‍ക്കൊപ്പം രാഷ്ട്രീയ തീരുമാനവും അനുകൂലമാകാന്‍ വെള്ളിയാഴ്ച ഒരുദിവസം മുഴുവന്‍ കാത്തിരിക്കേണ്ടിവന്നു.

ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന പ്രതീതി ദിവസം മുഴുവന്‍ നീണ്ടു . ഒടുവില്‍ വൈകിട്ട് ആറുമണിയോടെ ബിഷപ്പിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാന്‍ വാഹനങ്ങളും ഒരുക്കി നിര്‍ത്തി. തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരെയും അന്വേഷണസംഘം ഉറപ്പിച്ചു. പക്ഷേ നാടകീയമായി എസ്പി എസ് ഹരിശങ്കര്‍ വീണ്ടും ഐജി വിജയ് സാക്കറെയുടെ വീട്ടിലേക്ക് നീങ്ങിയതോടെ അറസ്റ്റിന് വിലങ്ങ് വീണോ എന്ന് സംശയം. ഐജിയുെട ക്യാംപ് ഒാഫിസില്‍ പത്തുമിനിറ്റ് ചര്‍ച്ചയ്ക്ക് ശേഷം എസ് പി പുറത്തേക്ക്. പിന്നെ അറസ്റ്റ് ഉറപ്പിച്ചു.

അറസ്റ്റ് ഉറപ്പിച്ചതോടെ ഒൗദ്യോഗിക വേഷങ്ങള്‍ അഴിച്ചുവച്ച് ജുബയും പാന്റ്സും ധരിച്ച് ബിഷപ്പ് പൊലീസ് കസ്റ്റഡിയിലേക്ക്. ആശങ്കകള്‍ അവിടെയും അവസാനിച്ചില്ല രക്തസമ്മര്‍ദം ഉയര്‍ന്നതിനാല്‍ പത്ത് മിനിറ്റ് തൃപ്പൂണിത്തുറ ആശുപത്രിയില്‍ നിരീക്ഷണത്തിനുവച്ചശേഷമാണ് ബിഷപ്പുമായി പൊലീസ് സംഘം കോട്ടയത്തേക്ക് തിരിച്ചത്. ഇടയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി പത്തേമുക്കാലോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.