കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കന്യാസ്ത്രീക്കൊപ്പം കഴിയുന്ന സിസ്റ്റര്‍ അനുപമ രംഗത്ത്. സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനിയാണ് സിസ്റ്റര്‍ അനുപമ. 2014 മെയ് അഞ്ചിനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോണ്‍വെന്‍റില്‍ എത്തിയത്. അന്ന് ബിഷപ്പിനെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങാനായിരുന്നു സിസ്റ്ററിന്‍റെ പ്ലാന്‍.

പിറ്റേന്ന് കന്യാസ്ത്രീയുടെ സഹോദരന്‍റെ മകന്‍റെ ആദ്യ കുര്‍ബാന ആയിരുന്നു. എന്നാല്‍ വീട്ടിലേക്ക് പോകാനൊരുങ്ങിയ സിസ്റ്ററെ ബിഷപ്പ് പിന്തിരിപ്പിച്ചു. രണ്ട് പേര്‍ക്കും ഒരുമിച്ച് പോകാമെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ അന്ന് രാത്രി സിസ്റ്ററെ ബിഷപ്പ് പീഡിപ്പിച്ചു. പിറ്റേന്ന് നിര്‍ബന്ധിച്ച് പള്ളിയിലേക്ക് ഒപ്പം വരാന്‍ ആവശ്യപ്പെട്ടു. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ഭയന്നാണ് സിസ്റ്റര്‍ ചടങ്ങിനായി പള്ളിയിലേക്ക് പോയത്. പോകുന്ന വഴിയില്‍ പലരും സിസ്റ്ററോട് കരഞ്ഞതിനെ കുറിച്ച് ചോദിച്ചു. എന്നാല്‍ തനിക്ക് ജലദോഷവും തുമ്മലുമാണെന്ന് സിസ്റ്റര്‍ മറ്റുള്ളവരെ തെറ്റിധരിപ്പിച്ചു.

സിസ്റ്ററിന് സ്ഥിരമായി ജലദോഷം ഉള്ളത് കൊണ്ട് തന്നെ ബന്ധുക്കള്‍ എല്ലാവരും അക്കാര്യം വിശ്വസിച്ചു. ആദ്യത്തെ പീഡനത്തെ കുറിച്ച് സിസറ്റെ ഭയപ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയുമായി ബിഷപ്പ് പിന്നീട് അവരെ പല തവണ പീഡിപ്പിച്ചതെന്നും അനുപമ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പീഡനത്തെ കുറിച്ച് സഭയ്ക്ക് പരാതി നല്‍കിയത് ബിഷപ്പ് അറിഞ്ഞതോടെ പരാതി നല്‍കിയതിന് തന്നേയും സിസ്റ്ററേയും ഭീഷണിപ്പെടുത്തിയിരുന്നു.

പരാതി പിന്‍വലിച്ചില്ലേങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി. എന്നാല്‍ പരാതി പിന്‍വലിക്കാതായതോടെ തങ്ങളെ അപായപ്പെടുത്താന്‍ അടക്കം ശ്രമം ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പോലീസില്‍ ബിഷപ്പ് പരാതി നല്‍കിയിരുന്നു. പിന്നീട് ഈ പരാതി പിന്‍വലിച്ചെന്നും കന്യാസ്ത്രീ പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു. മദര്‍ സുപ്പീരയറിന് പുറമേ പല കന്യാസ്ത്രീകളും ബിഷപ്പിനെതിരെ ലൈംഗിക പരാതി ഉന്നയിച്ചിരുന്നു. ബിഷപ്പിന്‍റെ പീഡനം സഹിക്ക വയ്യാതെ കന്യാസ്ത്രീ പട്ടം ഉപേക്ഷിക്കേണ്ട വന്ന കന്യാസ്ത്രീകള്‍ പീഡന വിവരം സംബന്ധിച്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിും അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി. അതേസമയം കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി മൂന്ന് ജില്ലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച രാവിലെ പത്തു മണിക്കകം ഹാജരാകാനാണ് ബിഷപ്പിന് നല്‍കിയിരിക്കുന്ന നോട്ടീസ്. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണസംഘം അയച്ച നോട്ടീസാണ് ബിഷപ്പ് കൈപ്പറ്റി. ചോദ്യം ചെയ്യലിന് 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടീസാണ് ബിഷപ്പിന് ലഭിച്ചത്. കേരളാ പൊലീസ് നല്‍കിയ നോട്ടീസ് ജലന്ധര്‍ പൊലീസാണ് ബിഷപ്പിന് കൈമാറിയത്. ബിഷപ്പ് എത്തിയാല്‍ ചോദ്യം ചെയ്യാനുള്ള ചോദ്യാവലിയും അന്വേഷണസംഘം തയ്യാറാക്കിക്കഴിഞ്ഞു

കത്ത് ലഭിക്കും മുൻപ് തന്നെ അന്വേഷണ സംഘത്തിന് മുമ്ബില്‍ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.