കോഴിക്കോട്: ഇനി ജന്മദിനവും വിവാഹവാര്‍ഷികദിനവും കോഴിക്കോട്ടെ പൊലീസുകാര്‍ക്ക് വീട്ടുകാരോടപ്പം ആഘോഷമാക്കാം. ജന്മദിനത്തിലും വിവാഹ വാര്‍ഷിക ദിനത്തിലും പൊലീസുകാര്‍ക്ക് അവധി നല്‍കി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് കോഴിക്കോട് സിറ്റി പൊലീസ്. മാനസികസംഘര്‍ഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് എസ്. മഹേഷ്‌കുമാര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചു. പൊലീസുകാരുടെ ജന്മദിനവും വിവാഹദിനവും ശേഖരിച്ച ശേഷം പുതിയ ഉത്തരവ് നിലവില്‍ വരും. പൊലീസ് സേനാംഗങ്ങള്‍ക്ക് നിലവില്‍ കാഷ്വല്‍, മെഡിക്കല്‍ അവധികള്‍ ഉള്‍പ്പെടെ ഒട്ടേറെ അവധികളുണ്ട്. ഇവയില്‍ പലതും പൊലീസുകാര്‍ക്ക് എടുക്കാന്‍ കഴിയാറില്ലെന്നതാണ് വാസ്തവം. ഗുരുതര ക്രമസമാധാന പ്രശ്‌നം ഒന്നുമില്ലെങ്കില്‍ പുതിയ ഉത്തരവ് പ്രകാരമുള്ള അവധി അനുവദിക്കണമെന്നാണ് നിര്‍ദേശം.

മാനസിക പിരിമുറക്കവും കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളുമെല്ലാം പൊലീസുകാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രത്യേക അവധി ദിവസങ്ങള്‍ അനുവദിക്കാന്‍ കാരണം. നേരത്തെ ഇതു സംബന്ധിച്ച് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പുതിയ ഉത്തരവ് നിലവില്‍ വന്നതോടെ ഇത്തരത്തില്‍ പ്രത്യേക അവധി നല്‍കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കോഴിക്കോട് മാറി.