സൗദി നിയമവ്യവസ്ഥയേയും പ്രവാചകൻ മുഹമ്മദ് നബിയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് മലയാളി യുവാവിന് സൗദിയിൽ അഞ്ച് വർഷം ജയിൽ ശിക്ഷയും ഒന്നരലക്ഷം റിയാൽ പിഴയും വിധിച്ചു. സൗദി അരാംകോയിൽ കോൺട്രാക്ടിങ് കമ്പനിയിൽ പ്ലാനിങ് എൻജിനീയറായ ആലപ്പുഴ സ്വദേശി വിഷ്ണുദേവിനാണ് കിഴക്കൻ പ്രവിശ്യാ കോടതി ശിക്ഷ വിധിച്ചത്

ട്വിറ്ററിലൂടെ ഒരു യൂറോപ്യൻ യുവതിയുമായി നാല് മാസം മുൻപ് അപകീർത്തി പ്രചരിപ്പിക്കും വിധം ആശയവിനിമയം നടത്തിയതിനെ തുടർന്ന് ദഹ്റാൻ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സൗദിയിൽ സമൂഹ മാധ്യമ നിയമം പുതുക്കി നിശ്ചയിച്ച ശേഷം ശിക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണിത്. രാജ്യത്തെ പൊതുമൂല്യങ്ങളെ പരിഹസിക്കുന്നതും നിന്ദിക്കുന്നതും രാജ്യത്തിൻ്റെ സുരക്ഷയെ ബാധിക്കുന്നവിധം പോസ്റ്റുകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.

അഞ്ച് വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കൂടാതെ സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതും നിരോധിത വെബ് സൈറ്റുകൾ സന്ദർശിക്കുന്നതും ശിക്ഷാർഹമാണെന്ന് കഴിഞ്ഞ ദിവസം അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.