സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല.വില്‍പനശാലകള്‍ തുറക്കേണ്ടതില്ല എന്ന് മാനേജര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചു. എന്നുവരെ അടച്ചിടും എന്നത് മന്ത്രിസഭ തീരുമാനിക്കും.

അതേസമയം, സംസ്ഥാനത്ത് എല്ലായിടത്തും പൊലീസിന്റെ കര്‍ശനപരിശോധന. അനാവശ്യമായി പുറത്തിറങ്ങിയവര്‍ തിരിച്ചുപോയില്ലെങ്കില്‍ കേസെടുക്കും. കാസര്‍കോട്ട് പ്രധാന നിരത്തുകളില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു.

സ്വകാര്യവാഹനങ്ങളില്‍ ഒട്ടേറെ യാത്രക്കാര്‍ റോഡിലിറങ്ങി എന്നതായിരുന്നു ഇന്നലെ കേരളം നേരിട്ട പ്രധാന പ്രതിസന്ധി. സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ സ്വകാര്യവാഹനങ്ങളിലെ യാത്ര അനുവദിക്കുന്നില്ല.

അതിനാല്‍ ഇന്ന് അനാവശ്യയാത്രകള്‍ പൂര്‍ണമായും തടഞ്ഞേക്കും. ഇതിനായി രാവിലെ മുതല്‍ റോഡില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളടക്കം അവശ്യവിഭാഗങ്ങളില്‍ പെടുന്ന വ്യാപാരസ്ഥാപനങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിനെയും ഇന്ന് കര്‍ശനമായി നേരിട്ടേക്കും.