ആഴ്ചാവസാനത്തെ ഒരു ഒഴിവുദിനം. ഇന്നെങ്ങോട്ടെങ്കിലും ഒരു ചെറിയ യാത്ര പോകണമെന്ന് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ആഗ്രഹിച്ചിരുന്നു. പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചപ്പോള്‍  തന്നെ ഒറ്റചിന്തേ മനസിലുണ്ടായിരുന്നുള്ള .  യാത്ര ബൈക്കിലായതു കൊണ്ട് പുലര്‍കാലത്തെ സവാരിയാണ് ഞാന്‍ തിരഞ്ഞെടുത്തത്.

തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റര്‍ ദൂരമേ ഉള്ളു പൊന്മുടിക്ക്. ഒരര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ട നാടാണ് തിരുവനന്തപുരം. അറുപതു കിലോ മീറ്റര്‍ ചുറ്റളവില്‍, കേരളത്തിലെ തന്നെ മനോഹരമായ ബീച്ചുകളില്‍ ഒന്നായ കോവളം ബീച്ചും പശ്ചിമഘട്ട മലനിരകളാല്‍ സമ്പന്നമായ പൊന്മുടി എന്ന ഹില്‍സ്റ്റേഷനും. വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ് പൊന്മുടിയുടെ പ്രത്യേകത.

പേരൂര്‍ക്കട, നെടുമങ്ങാട്, ചുള്ളിമാനൂര്‍, വിതുര വഴിയാണ് പൊന്മുടി യാത്ര. വഴിയിലൊന്നും വലിയ തിരക്കില്ല. പോകുന്ന വഴി ചെറിയ ചായ തട്ടുകള്‍ തുറന്നിട്ടുണ്ട്. ഒരു ചായ കുടിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും കുറച്ചു കൂടി മുന്നോട്ടു പോകട്ടെ എന്ന് തോന്നി. വഴി അത്ര മോശമല്ല, ചിലയിടങ്ങളില്‍ അത്ര നല്ലതുമല്ല.  മഴക്കാലമായതിനാൽ മനസ്സിൽ അൽപ്പം പേടിയുമുണ്ട്

ചുള്ളിമാനൂര്‍ എത്തുമ്പോള്‍ വഴി രണ്ടായി തിരിയും. എനിക്ക് പോകേണ്ടത് നേരെ ആണ്. ഇടത്തോട്ട് പോയാല്‍ തെന്മല, പാലരുവി, കുറ്റാലം വഴി തെങ്കാശി പോകാം.

തോളിക്കോട് ജംഗ്ഷന്‍ എത്തിയപ്പോള്‍ ഇനിയൊരു ചായ കുടിച്ചിട്ടാവാം യാത്ര എന്ന് തോന്നി. വഴിയില്‍ കണ്ട ചെറിയ ഒരു ചായക്കടയില്‍ കയറി. കടയില്‍ ഒരാളെ മാത്രമേ കണ്ടുള്ളു. ചായ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ തരാം എന്ന് മറുപടി. കണ്ണുകള്‍ കടയ്ക്കുള്ളില്‍ വെറുതെ പരതിയപ്പോള്‍ സന്തോഷം തോന്നി, വേറൊന്നുമല്ല നാടന്‍ പശുവിന്‍ പാലാണ് ചായക്ക് ഉപയോഗിക്കുന്നത്. രാവിലെ കറന്നു കൊണ്ട് വന്ന പാല്‍ പാത്രത്തിലിരിക്കുന്നു. ചോദിച്ചപ്പോള്‍ രാവിലെ ചായക്ക് പശുവിന്‍ പാല്‍ കിട്ടും, തികഞ്ഞില്ലേല്‍ പാക്കറ്റ് പാല്‍ വാങ്ങുമെന്ന് പറഞ്ഞു. നല്ല നാടന്‍ പശുവിന്‍ പാലിന്റെ രുചി ഞാന്‍ കുടിച്ച ചായക്കും ഉണ്ടായിരുന്നു. ഒരു ഉന്മേഷം ഒക്കെ തോന്നി. കടയിലെ ചേട്ടനോട് യാത്ര പറഞ്ഞു വീണ്ടു ബൈക്കിലേക്ക്.

Ponmudi Tourism

സമയം നോക്കിയപ്പോള്‍ ആറു മണി ആയിട്ടില്ല. നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ. വിതുര ജംഗ്ഷന്‍ കഴിഞ്ഞു. വഴി ഏറെക്കുറേ വിജനമാണ്. അങ്ങിങ്ങായി മാത്രമേ വീടുകള്‍ കാണാനുള്ളൂ. ഇരുവശത്തും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍. അത് അകലേക്കുള്ള എന്റെ കാഴ്ചകള്‍ മറയ്ക്കുന്നു. വഴിവക്കില്‍ ചിലയിടങ്ങളില്‍ ബൈക്കുകളും ചിലയിടങ്ങളില്‍ ആക്ടിവ പോലുള്ള ഇരുചക്ര വാഹങ്ങളും കണ്ടു. ആളുകള്‍ ആരെയും കണ്ടില്ല, അടുത്തെങ്ങും വീടുകളും. ഇതെന്തിനാണ് ഇവിടെ വച്ചിരിക്കുന്നത് എന്നാലോചിച്ചു യാത്ര തുടരുന്നതിനിടെ റോഡരികിലുള്ള വലിയ തോട്ടങ്ങളില്‍ മരങ്ങളുടെ ചുവട്ടിലായി ടോര്‍ച്ചിന്റേതു പോലുള്ള വെളിച്ചങ്ങള്‍ കണ്ടു. ഇരുളു മൂടി കിടക്കുന്ന മരങ്ങള്‍ക്കിടയില്‍ ആ വെളിച്ചം കൗതുകം തോന്നി. വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ അത് ചിരിയായി മാറി. രാവിലെ ആളുകള്‍ റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ജോലിയിലാണ്. ഇരുട്ടത്ത് മരങ്ങളില്‍ കത്തി വച്ച് ചീകുന്ന ഭാഗം വ്യക്തമായി കാണാന്‍ തലയില്‍ വച്ചിരിക്കുന്ന ഹെഡ്‌ലൈറ്റിന്റെ വെളിച്ചമായിരുന്നു ഞാന്‍ കണ്ടത്. ഇപ്പോള്‍ മനസിലായി വഴിയരികില്‍ കണ്ട വാഹനങ്ങള്‍ ആരുടേതാണെന്നും.

Ponmudi Tourism

വിതുര കഴിഞ്ഞ് കല്ലാര്‍ വഴിയാണ് പൊന്മുടിയിലേക്കു പോകുന്നത്. പൊന്മുടി യാത്രയിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയാണ് കല്ലാര്‍. വലിയ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ, പേരിനെ അന്വര്‍ഥമാക്കുന്ന ‘കല്ലാര്‍’. രണ്ടു ആകര്‍ഷണങ്ങളാണ് ഇവിടുള്ളത്. ഗോള്‍ഡന്‍ വാലിയും മീന്‍മുട്ടി വെള്ളച്ചാട്ടവും. പക്ഷി നിരീക്ഷകരുടെ ഇഷ്ട സ്ഥലം കൂടിയാണിത്. കല്ലാറിലെ നല്ല തണുത്ത, സ്ഫടികംപോലുള്ള വെളളത്തില്‍ ഒന്ന് മുങ്ങി നിവര്‍ന്നാല്‍ മനസും ശരീരവും ഒരുപോലെ തണുക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി ഭോജനശാല, വിശ്രമമുറി, ശൗചാലയം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.  കുടുംബത്തോടൊപ്പമാണ് വരുന്നതെങ്കില്‍ അവിടെയിരുന്ന് ആഹാരം കഴിക്കാം. പക്ഷേ പ്രത്യേകം ശ്രദ്ധിക്കുക, ആഹാരാവശിഷ്ടങ്ങളോ പ്ലാസ്റ്റിക്കോ ഒന്നും അവിടെ ഉപേക്ഷിക്കരുത്. ആ പ്രദേശം കണ്ടാല്‍ അത്തരത്തിലുള്ള വൃത്തിഹീനമായ പ്രവര്‍ത്തികളൊന്നും ചെയ്യാന്‍ തോന്നില്ല എന്നുള്ളതാണ് സത്യം.

Ponmudi Tourism

പൊന്നിൽ കുളിച്ച പൊന്മുടി.. പറഞ്ഞറിയിക്കാൻ പറ്റാത്തത് എന്തോ പ്രകൃതി ഒളിപ്പിച്ചു വച്ചത് പോലെ, പണ്ട് ആരോ പറഞ്ഞത് പോലെ ‘യാത്ര ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങളും, അതിനെക്കാളേറെ കുഴപ്പിക്കുന്ന ചോദ്യങ്ങളും ഉണ്ടാക്കും’ എന്ന് പറഞ്ഞത് എത്ര ശരിയാണ്. ഒരു മാജിക്കാരനെ പോലെ എപ്പോഴും അവൻ സഞ്ചാരികളെ കാഴ്ചകളുടെ നിറവസന്തത്തിൽ ആറാടിപ്പിക്കും. വെറും പത്ത് മിനിറ്റ് ഗ്യാപ്പിൽ എടുത്ത ചിത്രങ്ങൾ ആണ് ചുവടെ..

Related image

പശ്ചിമഘട്ട മലനിരകളിലെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ മറ്റൊരു സ്ഥലമില്ല. സമുദ്ര നിരപ്പില്‍ നിന്നും 1,100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, കടലിന്റെ സൗന്ദര്യം ആസ്വദിച്ച ശേഷം കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ പറ്റുന്ന ചുരുക്കം ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്. 22 ഹെയര്‍ പിന്‍ വളവുകളാണ് പൊന്മുടിയിലേക്കുള്ള യാത്രയുടെ മറ്റൊരു ആകര്‍ഷണം. കാനന യാത്രയുടെ തുടക്കകത്തില്‍ തന്നെ സഞ്ചാരികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പൊന്മുടി ഇക്കോ ടൂറിസം കൗണ്‍സിലും ഫോറസ്‌ററ് ഡിപ്പാര്‍ട്‌മെന്റും വലിയ ബോര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. കാടിനെ സ്‌നേഹിക്കുന്ന പ്രകൃതിയെ ബഹുമാനിക്കുന്ന ഏതൊരാളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നതില്‍ സംശയമില്ല.നിമിഷനേരം കൊണ്ട് അടുത്തു നില്‍ക്കുന്ന കാഴ്ച പോലും മറച്ച് പൊതിയുന്ന മൂടല്‍മഞ്ഞും നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന സഹ്യസൗന്ദര്യവും നമുക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ ഒരു ഏഴാം സ്വര്‍ഗ്ഗമാണ്.

ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്രകൊണ്ട് നാം മുകളിലെത്തും. മുകളിലെത്തിക്കഴിഞ്ഞാല്‍ നട്ടുച്ചയ്ക്കും തണുപ്പ് ശരീരത്തെ മൂടുന്ന പൊന്മുടിയുടെ യഥാര്‍ത്ഥ കാലാവസ്ഥയാണ് നമ്മെ കാത്തിരിക്കുന്നത്. പ്രകൃതിയുടെ ചിത്രരചനാ പാടവം നിഗൂഡതയിലൊളിപ്പിച്ചുവെച്ച പൊന്മുടിയുടെ സൗന്ദര്യം എത്രകണ്ടാലും മതിവരില്ല എന്നതാണ് സത്യം.

അറ്റം കൂര്‍ത്ത കുന്നുകളും പുല്‍മേടുകളും വനവുമൊക്കെയായി കാഴ്ചയുടെ ഒരു സദ്യതന്നെ പൊന്മുടി സഞ്ചാരികള്‍ക്കായി കരുതി വെച്ചിട്ടുണ്ട്. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്‌റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്‌റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ടോപ്പ് സ്‌റ്റേഷനില്‍ എത്തിയാലോ, ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

പൊന്‍മുടിയില്‍നിന്ന് തെക്കന്‍ പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട തുടങ്ങിയ ട്രക്കിങ് കേന്ദ്രങ്ങളിലേക്ക് പോകാനാകും. വരയാടുകള്‍ ധാരാളമുള്ള സ്ഥലമായ ഇവിടേക്ക് പൊന്‍മുടിയില്‍നിന്ന് മൂന്ന് മണിക്കൂര്‍ ട്രക്കിങ് മതി. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് അനുയോജ്യം. വിതുരയില്‍നിന്ന് പൊന്‍മുടിക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടം.

സമീപ റെയില്‍വേ സ്‌റ്റേഷന്‍ : തിരുവനന്തപുരം 61 കി. മീ., സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 67 കി. മീ. തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം നെടുമങ്ങാട് ചെങ്കോട്ട പാത)ല്‍ യാത്രചെയ്ത് നെടുമങ്ങാട്- ചുള്ളിമാനൂര്‍- വിതുര- തേവിയോട് വഴി ഗോള്‍ഡന്‍വാലി. അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തു