തിരുവനന്തപുരം : വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത്‌ കേസിലെ മുഖ്യപ്രതി വിഷ്‌ണു സോമസുന്ദരത്തിന്റെ വീട്ടില്‍നിന്ന്‌ കേരള സര്‍വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ കണ്ടെത്തി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട്‌ ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യു ഇന്റലിജന്‍സ്‌ (ഡി.ആര്‍.ഐ) നടത്തിയ റെയ്‌ഡിലാണ്‌ ഒപ്പും സീലുമുള്ള പൂരിപ്പിക്കാത്ത ഏഴു മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ പിടിച്ചെടുത്തത്‌. കൂടുതല്‍ അന്വേഷണത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ ഡി.ആര്‍.ഐ കത്ത്‌ നല്‍കും. മാര്‍ക്ക്‌ ലിസ്‌റ്റ്‌ മനുഷ്യക്കടത്തിന്‌ ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്‌.

കഴിഞ്ഞ ജൂണ്‍ 14 നായിരുന്നു വിഷ്‌ണുവിന്റെ വീട്ടില്‍ ഡി.ആര്‍.ഐ. റെയ്‌ഡ്‌ നടത്തിയത്‌. ഇതുസംബന്ധിച്ച 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ്‌ മാര്‍ക്ക്‌ ലിസ്‌റ്റ്‌ കണ്ടെടുത്ത വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ എങ്ങനെ ലഭിച്ചു എന്നതില്‍ തൃപ്‌തികരമായ വിശദീകരണം നല്‍കാന്‍ വിഷ്‌ണുവിനായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമായിരിക്കും വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ കത്തു നല്‍കുക. വിഷയത്തില്‍ പോലീസും പ്രത്യേക അന്വേഷണം നടത്തും.

പി.എസ്‌.സി. പരീക്ഷാ തട്ടിപ്പില്‍ അറസ്‌റ്റിലായ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ നസീമിന്റെയും ശിവരഞ്‌ജിത്തിന്റെയും വീടുകളില്‍ നടന്ന റെയ്‌ഡില്‍ കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇവരുടെ തട്ടകമായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജുമായി വിഷ്‌ണുവിനും അടുത്ത ബന്ധമുണ്ടെന്നത്‌ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തില്‍ കുടുംബം സംശയിക്കുന്ന വ്യക്‌തിയാണ്‌ വിഷ്‌ണു. യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലം മുതല്‍ ബാലഭാസ്‌കറിന്‌ വിഷ്‌ണുവുമായി അടുപ്പമുണ്ട്‌.

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത്‌ ഏകോപിപ്പിച്ചിരുന്നതു വിഷ്‌ണുവാണെന്നു ഡി.ആര്‍.ഐ. നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി ഇയാളും സംഘവും 720 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ്‌ വിവരം. മേയ്‌ 13 നു 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശിയായ കെ.എസ്‌.ആര്‍.ടി.സി. കണ്ടക്‌ടര്‍ സുനില്‍കുമാറും (45), സുഹൃത്ത്‌ കഴക്കൂട്ടം സ്വദേശിനി സെറീനയും (42) അറസ്‌റ്റിലായതോടെയാണു സ്വര്‍ണക്കടത്തില്‍ വിഷ്‌ണു സോമസുന്ദരത്തിന്റെ പങ്ക്‌ വ്യക്‌തമാകുന്നത്‌.

ഒമാന്‍ എയര്‍വേയ്‌സ്‌ വിമാനത്തിലാണ്‌ സുനില്‍കുമാറും സെറീനയും സ്വര്‍ണവുമായി എത്തിയത്‌. മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ എക്‌സ്‌റേ പോയിന്റില്‍ കസ്‌റ്റംസ്‌ സൂപ്രണ്ട്‌ രാധാകൃഷ്‌ണന്റെ സഹായം ലഭിച്ചതായും സെറീന വെളിപ്പെടുത്തി.

പിന്നാലെ കസ്‌റ്റംസ്‌ സൂപ്രണ്ട്‌ രാധാകൃഷ്‌ണന്‍, ബിജു, പ്രകാശ്‌ തമ്പി, വിഷ്‌ണു സോമസുന്ദരം എന്നിവരെയും പിടികൂടുകയായിരുന്നു. മാര്‍ക്ക്‌ ലിസ്‌റ്റുകള്‍കൂടി കണ്ടെടുത്തതോടെ രാധാകൃഷ്‌ണനുമായി ചേര്‍ന്നു വിഷ്‌ണുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി മനുഷ്യക്കടത്തു നടത്തിയിരുന്നോയെന്ന സംശയവും ബലപ്പെടുകയാണ്‌.