ഗോഡ: മതപരിവര്‍ത്തനം ആരോപിച്ച് ജാര്‍ഖണ്ഡില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഫാ. ബിനോയ് ജോണിന് ജാമ്യം ലഭിച്ചു. ഗോഡ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. മതപരിവര്‍ത്തനം, ആദിവാസി ഭൂമി കയ്യേറ്റം എന്നീ കുറ്റങ്ങളാരോപിച്ച് കഴിഞ്ഞ ആറിനാണ് തൊടുപുഴ വെട്ടിമറ്റം സ്വദേശിയും ഭാഗല്‍പൂര്‍ രൂപതാ വൈദികനുമായ ഫാ. ബിനോയ് ജോണിനെ ദിയോദാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് ഗോഡ ജില്ലാ ജയിലില്‍ റിമാന്‍റിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വൈദികന്‍റെ വാദം അംഗീകരിച്ചാണ് ഗോഡ സിജെഎം കോടതി ജാമ്യം അനുവദിച്ചത്. നിയമ സഹായവുമായി ഇടുക്കി എംപി ഉള്‍പ്പടെയുള്ളവര്‍ ഗോഡയിലെത്തിയിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും വിഷയത്തില്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് കേന്ദ്രസര്‍ക്കാരിനും മനുഷ്യാവാകാശ, ന്യൂനപക്ഷ കമ്മീഷനുകള്‍ക്കും കത്ത് നല്‍കിയിരുന്നു.

വൈദികന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ പൊലീസ് കോടതിയെ അറിയിച്ചില്ലെന്നും ഇടുക്കി എംപി കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്നലെ വൈകിട്ടോടെ വൈദികനെ ജയിലില്‍ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.