ദുരഭിമാനക്കൊലയ്ക്കിരയായി കെവിൻ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിട്ടു. കേസിലെ വിചാരണ പൂര്‍ത്തിയായി പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പ്രതികരണവുമായി കെവിന്റെ ഭാര്യ നീനു രംഗത്തെത്തി.

‘എനിക്കങ്ങനെ ഇപ്പോള്‍ പ്രത്യേകിച്ച്‌ ഒരു വികാരവുമില്ല. ദേഷ്യമോ വൈരാഗ്യമോ സ്‌നേഹമോ ഒന്നുമില്ല. അച്ഛന്‍, അമ്മ എന്ന ഒരു പൊസിഷന്‍ മാത്രം. അവരൊന്ന് ചിന്തിച്ചാല്‍ മതിയായിരുന്നു. അവിരിനി കാണാന്‍ വരുമോ എന്നറിയില്ല. ഇത്രയൊക്കെ ചെയ്തിട്ട് ഇനി കാണാന്‍ വരുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാലും എനിക്ക് കാണണമെന്നുമില്ല..’ നീനു പറയുന്നു. കെവിന്‍ മരണപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും പഴയ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് നീനു. ഓര്‍മ്മകള്‍ തന്നെയാണ് നീനുവിനെ ഇന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും. ഇപ്പോഴും അവര്‍ ഒരിക്കല്‍ കൂടി ചിന്തിച്ചിരുന്നെങ്കിലെന്നാണ് നീനുവിന്റെ ആഗ്രഹം.

കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോ അടക്കം പത്ത് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍റെ ആവശ്യം.
കെവിന്റേത് ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കിയ കോടതി നീനുവിന്റെ സഹോദരൻ അടക്കം 10 പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റം, തടഞ്ഞുവെച്ച് വിലപേശല്‍ എന്നീ വകുപ്പുകള്‍ പത്ത് പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. ഇത് കൂടാതെ ഏഴ് വകുപ്പുകള്‍ വേറെയുമുണ്ട്. ദുരഭിമാനക്കൊല അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാം എന്ന സുപ്രീം കോടതി ഉത്തരവിന്റെ8്ഥാനത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷന്‍റെ പ്രധാന ആവശ്യം. ജീവപര്യന്തം ശിക്ഷിക്കുകയാണെങ്കിൽ മറ്റു കുറ്റങ്ങൾക്കുള്ള തടവ് ശിക്ഷ പ്രത്യേകമായി അനുഭവിക്കാൻ ഉത്തരവിടണമെന്നും ശിക്ഷ ഒന്നിച്ചു അനുഭവിക്കാൻ അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതികളിൽ നിന്ന് നല്ലൊരു തുക പിഴ ഈടാക്കി കെവിന്റെ കുടുംബത്തിനും നീനുവിനും കെവിന്റെ സുഹൃത്ത് അനീഷിനും നൽകണം എന്നും പ്രോസിക്യൂഷൻ അന്തിമ വാദത്തില്‍ ആവശ്യപ്പെട്ടു. എന്നാൽ കെവിന്റെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും പശ്ചാത്തപിക്കാനും തെറ്റ് തിരുത്താനും അവസരം നൽകണമെന്നാണ് പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടത്. മൂന്ന് മാസം കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ 2018 മേയ് 27നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.