കോട്ടയം: കെവിൻ വധക്കേസിൽ രണ്ടാംഘട്ട വിസ്താരം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച ആരംഭിക്കും. ഇനി തുടർച്ചയായി ജൂൺ അവസാനം വരെ വിചാരണ നടത്താനാണ് തീരുമാനം. കെവിന്റെ പിതാവ് ജോസഫ്, ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി.എം. ബിജു, സിപിഒ അജയകുമാര്‍ ഉള്‍പ്പെടെ എട്ട് പേരെ ഇന്ന് വിസ്തരിക്കും.

കേസിലെ നിര്‍ണായക സാക്ഷികളാണ് ബിജുവും അജയകുമാറും. ഒന്നാം പ്രതി സാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിച്ചതും ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതും ബിജുവാണ്.

കെവിൻ കൊല്ലപ്പെട്ടശേഷം ഒളിവിൽപോയി താമസിച്ച കുമളിയിലെ ഹോംസ്റ്റേ നടത്തിപ്പുകാരനടക്കം ഒമ്പത് സാക്ഷികളും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. താഴ്ന്ന ജാതിക്കാരനായതിനാലാണ് പിതാവ് ചാക്കോയും സഹോദരൻ ഷാനുവും ചേർന്ന് കെവിന്റെ ജീവനെടുത്തതെന്ന് ഭാര്യ നീനുവും നിർണായക മൊഴി നൽകി. മാതാപിതാക്കൾ ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് പറഞ്ഞ നീനു, മർദിച്ചതിന്റെയും പിതാവ് പൊള്ളലേൽപിച്ചതി‍ന്റെയും പാടുകൾ കോടതിയിൽ കാണിച്ചു.

കെവിന്റെ മൃതദേഹം ഇൻക്വസ‌്റ്റ‌് നടത്തിയ പുനലൂർ തഹസിൽദാർ ജയൻ എം. ചെറിയാനും മൃതദേഹം പുറത്തെടുത്ത ഫയർഫോഴ‌്സ‌് ജീവനക്കാരൻ ഷിബുവും കെവിൻ സ്വയം മുങ്ങിമരിച്ചെന്ന പ്രതിഭാഗം വാദത്തെ ദുർബലപ്പെടുത്തുന്ന മൊഴികളാണ് നൽകിയത്. ആദ്യഘട്ട വിചാരണയിൽ 28ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിൻ കൂറുമാറിയിരുന്നു. പത്ത് ദിവസത്തെ അവധിക്ക് ശേഷമാണ് വിചാരണ പുനരാരംഭിക്കുന്നത്