ഇന്ത്യ-ക്യാനഡ ബന്ധത്തിനിടയില്‍ ഖാലിസ്ഥാന്‍ വാദം വീണ്ടും പ്രതിസന്ധിയുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. 1980 മുതലുള്ള കാലഘട്ടത്തിലാണ് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയില്‍ ഖാലിസ്ഥാന്‍ ഒരു പ്രശ്‌നമായി മാറുന്നത്. അടുത്തിടെ പ്രശ്‌നം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ശോഭ കെടുത്തിയതും ഖാലിസ്ഥാന്‍ പ്രശ്‌നമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. 2015 ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലെത്തുന്നത് തീവ്ര ഖാലിസ്ഥാനി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയോടു കൂടിയാണ്. കാനഡയില്‍ നിന്ന് സിഖ് തീവ്രവാദ സംഘടനകള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ഒരു മുന്‍ നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ഏപ്രിലില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഖല്‍സ ദിനത്തില്‍ സിഖ് തീവ്ര സംഘടനകള്‍ സംഘടിപ്പിച്ച പരേഡില്‍ പങ്കെടുത്തതോടെയാണ് ഖാലിസ്ഥാന്‍ പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നത്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പ്രതിഷേധം കാനഡ സര്‍ക്കാരിനെ അറിയിച്ചിരുന്നു. 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തെ തുടര്‍ന്നുണ്ടായി കൂട്ടക്കൊലയില്‍ ഇന്ത്യയെ പഴിച്ച് കനേഡിയന്‍ അസംബ്ലി രംഗത്ത് വന്നിരുന്നു. 1984 ജൂണില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന ഓപറേഷനിലും കൊല്ലപ്പെട്ട തീവ്ര സിഖ് കലാപകാരികളായ ജെര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാല, അമ്‌രീഖ് സിംഗ് എന്നിവരെ നായകന്മാരായി ഉയര്‍ത്തിക്കാണിച്ചായിരുന്നു ഖല്‍സ പരേഡ് നടന്നത്. മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ ഖല്‍സ ദിനത്തില്‍ നടന്ന പരേടുകളില്‍ പങ്കെടുത്തിരുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ 2012ലെ മന്‍മോഹന്‍ സിംഗിന്റെയും 2015ല്‍ പ്രധാനമന്ത്രി മോഡിയുടേയും കാനഡ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം വളരാന്‍ സഹായിച്ചിരുന്നു.

കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയെ സംബന്ധിച്ച് പരേഡില്‍ പങ്കെടുത്തത് യാതൊരു പ്രശ്‌നവും ഉണ്ടാക്കുന്ന കാര്യമല്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യടെ ആശങ്കയെ അദ്ദേഹം കണക്കിലെടുത്തില്ലെന്ന് കാനഡിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വിഷ്ണു പ്രകാശ് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കഴിഞ്ഞ മാസം തീവ്ര സിഖ് സംഘടനകള്‍ ഇന്ത്യയിലെ തെരെഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികള്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) പ്രവര്‍ത്തകര്‍, ശിവസേന അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് കാനഡയില്‍ പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് എതിരായി കനേഡിയന്‍ സര്‍ക്കാര്‍ യാതൊരു വിധ നടപടിയും സ്വീകരിച്ചില്ലെന്ന വാദവും ശക്തമാണ്.