അടൂര്‍: യുവതിയുമായുള്ള സൗഹൃദത്തില്‍ സംശയിച്ച് ഭര്‍ത്താവും സംഘവും യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിനിടെ യുവതിക്കെതിരേ സംസാരിപ്പിച്ച് അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അടൂരില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കൊട്ടാരക്കര കുളക്കട ലക്ഷ്മീനിവാസില്‍ സൂരജി (23)നാണ് മര്‍ദനമേറ്റത്.

ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. ആദിക്കാട്ടുകുളങ്ങര കുറ്റിപ്പറമ്പില്‍ ഹാഷീം (26), സഹോദരന്‍ ആഷിഖ് (24), ആദിക്കാട്ടുകുളങ്ങര വലിയവീട്ടയ്യത്ത് തെക്കേതില്‍ നിഷാദ് (40), വടക്കടത്തുകാവ് ഷെമീര്‍ മന്‍സിലില്‍ ഷെമീര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഒളിവിലാണ്.

അടൂര്‍ കോട്ടമുകളിലുള്ള ഒരു വാഹന വില്‍പ്പനശാലയില്‍ എക്‌സിക്യൂട്ടീവായ സൂരജിനെ ജോലികഴിഞ്ഞ് വീട്ടിലേക്കുപോകുന്നവഴി തിങ്കളാഴ്ച വൈകീട്ട് 6.15-ന് അടൂര്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപം അക്രമിസംഘം കാറില്‍ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. അടൂര്‍ ടൗണ്‍, ബൈപ്പാസ്, പഴകുളം എന്നിവിടങ്ങളിലൂടെ യാത്രചെയ്ത് കാറിനുള്ളിലിട്ട് വഴിനീളെ സൂരജിനെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് പഴകുളത്തുനിന്ന് ആദിക്കാട്ടുകുളങ്ങരയിലുള്ള ഹാഷിമിന്റെ വീട്ടിലേക്ക് കൊണ്ടുപോയി രണ്ടാം നിലയിലുള്ള മുറിയില്‍ അടച്ചുപൂട്ടിയിട്ട് മര്‍ദ്ദനം തുടര്‍ന്നു.

വലിയ ചൂരല്‍ ഉപയോഗിച്ച് ശരീരത്തുടനീളം അടിച്ചശേഷം ഹാഷിമിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് നിര്‍ബന്ധപൂര്‍വം പറയിച്ച് അത് മൊബൈലില്‍ പകര്‍ത്തി. ‘കെവിന് സംഭവിച്ചത് ഓര്‍മയുണ്ടല്ലോ, അതുതന്നെ നിനക്കും നിന്റെ വീട്ടുകാര്‍ക്കും’ സംഭവിക്കുമെന്ന് പറഞ്ഞ് സൂരജിനെക്കൊണ്ട് മൊബൈല്‍ഫോണില്‍ യുവതിയെ വിളിപ്പിച്ച് ഹാഷിമിന്റെ പേരില്‍ നല്‍കിയിട്ടുള്ള വസ്തുക്കേസ് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു ബൈക്കില്‍ കൊണ്ടുവന്ന് ഇദ്ദേഹത്തെ പഴകുളത്ത് ഇറക്കിവിട്ടു.

ഹാഷിമിനെതിരേ ഭാര്യ കുടുംബക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസ് ജൂണ്‍ രണ്ടിന് കോടതിയുടെ പരിഗണനയ്ക്കുവരുന്നുണ്ട്. ഈ കേസിന്റെ ബലപ്പെടുത്തലിനായി യുവതിക്കെതിരേ തെളിവിനാണ് സൂരജിനെ മര്‍ദിച്ച് യുവതിയുമായി ബന്ധമുണ്ടെന്ന് പറയിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സൂരജും യുവതിയും തമ്മില്‍ ഒരു സ്ഥാപനത്തില്‍ ജോലിചെയ്ത പരിചയമാണുള്ളത്.

പഴകുളത്തെത്തിയശേഷം സൂരജ് പോലീസിനെ വിളിച്ചതോടെ അവരെത്തി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞയുടന്‍ അടൂര്‍ ഡിവൈ.എസ്.പി ആര്‍.ജോസ്, സി.ഐ. സന്തോഷ്‌കുമാര്‍, എസ്.ഐ.രമേശന്‍, എ.എസ്.ഐ. ഷിബു, എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കി നാലുപേരെ പിടികൂടുകയായിരുന്നു. പ്രതികളെല്ലാം എസ്.ഡി.പി.ഐ.യുടെ സജീവ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതികളെല്ലാം ക്രിമിനല്‍ സ്വഭാവമുള്ളവരായതിനാല്‍ സൂരജിന് സംരക്ഷണം ഉറപ്പുവരുത്തണമെന്നും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹര്‍ഷകുമാര്‍ ആവശ്യപ്പെട്ടു.