കൊറോണക്കാലത്ത് തായ്‌ലാന്‍ഡ് രാജാവ് സ്വയം ‘ഐസൊലേഷ’നില്‍ പോയി. 20 സ്ത്രീകളും കൂടെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ജര്‍മന്‍ ഹോട്ടലിലാണ് രാജാവിന്റെയും പരിചാരികമാരുടെയും താമസം.തായ്‌ലാന്‍ഡ് രാജാവായ മഹാ വാജിരാലോങ്കോമിന്റെ പ്രണയാതുരത ഏറെ പ്രശസ്തമാണ്. 67 വയസ്സുണ്ട് ഇദ്ദേഹത്തിന്.

ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം ഇദ്ദേഹം ഒരു ഹോട്ടല്‍ ഒന്നാകെ ബുക്ക് ചെയ്തിരിക്കുകയാണ്. ജര്‍മനിയിലെ ഗാര്‍മിഷ്-പാര്‍ടെന്‍കിചെനിലെ ഗ്രാന്‍ഡ് ഹോട്ടല്‍ സൊന്നെന്‍ബിച്ചിയാണ് രാജാവ് പൂര്‍ണമായും ബുക്ക് ചെയ്തിരിക്കുന്നത്. ഈ നഗരത്തില്‍ ലോക്ക്ഡൗണ്‍ നിലവിലുണ്ടെങ്കിലും ഇദ്ദേഹത്തിന് പുറത്ത് കറങ്ങി നടക്കാന്‍ പ്രത്യേക അനുമതി അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ഇദ്ദേഹം യഥാര്‍ത്ഥത്തില്‍ ഒരു വന്‍ സംഘവുമായി സ്ഥലത്തെത്തി പാര്‍ട്ടി നടത്താനാണ് ശ്രമം നടത്തിയത്. 119 പേര്‍ സംഘത്തിലുണ്ടായിരുന്നു. ഇവരെ ജര്‍മന്‍ അധികൃതര്‍ തിരിച്ചയച്ചു. രാജാവിന് ഒഴിവാക്കാനാകാത്തവരെ മാത്രം കൂടെ നില്‍ക്കാന്‍ അനുവദിച്ചു. ഇതെല്ലാം ജര്‍മനിയില്‍ അത്യാവശ്യം ചര്‍ച്ചയായി. വാര്‍ത്തകളും വന്നു. മറ്റ് ഹോട്ടലുകളെല്ലാം അധികൃതര്‍ നിര്‍ബന്ധിച്ച് അടപ്പിച്ചിരുന്നു. ഇതിനിടയിലാണ് രാജാവിനു വേണ്ടി ഒരു ഹോട്ടല്‍ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

അതെസമയം തായ്‌ലാന്‍ഡില്‍ രാജാവിനെതിരെ വലിയ പ്രതിഷേധവും നടക്കുന്നുണ്ട്. ‘എന്തിനാണ് നമുക്കൊരു രാജാവ്’ എന്നര്‍ത്ഥം വരുന്ന ഹാഷ്ടാഗിലാണ് പ്രചാരണം നടക്കുന്നത്.