കുമ്പളത്ത് വീപ്പയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ 6 ലക്ഷം രൂപ കാണാതായതായി അന്വേഷണസംഘം. ശകുന്തളയുടെ ബാങ്ക് അക്കൌണ്ടില്‍ ഈ തുക കാണാനില്ല. കൊലപാതകത്തില്‍ ദുരൂഹത തുടരുന്നതായി പോലീസ് പറഞ്ഞു.

മറ്റു രണ്ടു കൊലപാതകങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ശകുന്തളയുടെ മൃതദേഹം പുറത്തെടുത്ത ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനും കൊല നടന്ന് ഒരു വര്‍ഷത്തിന് ശേഷം നെട്ടൂര്‍ കായലില്‍ ഷാപ്പുപടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അജ്ഞാതയുവാവിനും കൊലപാതകവുമായി നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

കേരളത്തിന് പുറത്ത് വീട്ടുജോലിയും മറ്റും ചെയ്ത് നേടിയ ശമ്പളവും മകന്‍ വാഹനാപകടത്തില്‍ അകപെട്ടപ്പോള്‍ കിട്ടിയ ഇന്‍ഷുറന്‍സ് തുകയും സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലം 2013ല്‍ വില്‍പന നടത്തിയപ്പോള്‍ ലഭിച്ച പണവുമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്. സ്വന്തം നാട്ടില്‍ വീണ്ടുമെത്തി വീടു വാങ്ങാനിരിക്കെ ഇടതുകാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. വാഹനാപകടത്തില്‍ കിടപ്പിലായ മകന്‍ മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സംശയിക്കുന്നവരെ ചോദ്യം ചെയ്യും.

ജനുവരി ഏഴിനാണ് കുമ്പളത്തിനടുത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ അജ്ഞാതജഡം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആരാണെന്ന് വ്യക്തമായിരുന്നില്ല. ശാസ്ത്രീയ പരിശോധയ്ക്ക് ശേഷമാണ് മൃതദേഹം ശകുന്തളയുടെതാണെന്ന് വ്യക്തമായത്.

കാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി ഇരുത്തിയ നിലയിലായിരുന്നു അന്ന് മൃതദേഹം കണ്ടെടുത്തത്. വീപ്പയ്ക്കുള്ളില്‍ നിന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. കായലിലൂടെ വീപ്പ ഒഴുകിനടക്കുന്നത് ശ്രദ്ധയില്‍പെട്ട മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നതും പരിശോധന നടത്തിയതും.

വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ വച്ചു തന്നെ വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്‌തെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. രാത്രി വാഹനത്തില്‍ കയറ്റി കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം വീപ്പ കായലില്‍ തള്ളിയതാവുമെന്നും അനുമാനിക്കുന്നു. മൂന്നു പേരെങ്കിലും കൃത്യത്തില്‍ ഏര്‍പ്പെട്ടു കാണുമെന്നും പോലീസ് സംശയിക്കുന്നുണ്ട്.