കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം ലഭിച്ചത് വൻ ജനപിന്തുണ. 20,42,740 രൂപയാണ് ആദ്യ ദിവസത്തെ മെട്രോയുടെ വരുമാനം. യാത്രക്കാർ ഒന്നടങ്കം കൊച്ചി മെട്രോയിലേക്ക് തള്ളിക്കയറിയപ്പോൾ ആദ്യ ദിവസം തന്നെ മോട്രോ ശുഭ പ്രതീക്ഷകളാണ് മുന്നോട്ട് വയ്ക്കുന്നത്.

രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള വരുമാനമാണ് 20 ലക്ഷം രൂപ കഴിഞ്ഞത്. ഈ സമയത്തിനിടെ 62,320 പേരാണ് മെട്രോ ട്രയിനിൽ യാത്ര ചെയ്തത്. ദിവസം പൂർത്തിയാകാൻ മൂന്ന് മണിക്കൂറുകൾ പിന്നെയും ബാക്കി നിൽക്കുമ്പോഴാണ് കളക്ഷൻ 20 ലക്ഷം തൊട്ടത്.

ഇന്ന് രാവിലെ മെട്രോയുടെ ആദ്യ സർവ്വീസിൽ തന്നെ ഇടം പിടിക്കാൻ ജനങ്ങൾ പുലർച്ചെ തന്നെ പാലാരിവട്ടം സ്റ്റേഷനിൽ എത്തിയിരുന്നു. നാല് മണിക്ക് തന്നെ ആളുകൾ എത്തിച്ചേർന്നു. പിന്നീട് ആറ് മണിയാകുമ്പോഴേക്കും പ്രതീക്ഷിച്ചതിലും നീണ്ട ക്യൂവാണ് മെട്രോ സ്റ്റേഷനിൽ ഉണ്ടായിരുന്നത്.