എറണാകുളം നെട്ടൂരിൽ യുവാവിനെ െകാന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചത് കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കളെന്ന് ബന്ധുക്കൾ. സംശയം തോന്നിയവരെ ചോദ്യം ചെയ്ത അർജുന്റെ സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകാൻ പ്രതികളെ നിർബന്ധിച്ചു. സ്റ്റേഷനിലെത്തിച്ച ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴി‍ഞ്ഞത്.

പ്രതികളിലൊരാളായ നിപിൻ, തന്റെ സഹോദരന്റെ അപകടമരണത്തിനു കാരണക്കാരൻ അർജുനാണെന്ന് സുഹൃത്തുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. തന്റെ ചേട്ടന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്ന് നിപിൻ പറഞ്ഞതായി വിവരം ലഭിച്ചതോടെ പ്രതികളെ അർജുന്റെ വീട്ടിൽ വിളിച്ചു വരുത്തി ബന്ധുക്കളും സുഹൃത്തുക്കളും ചോദ്യം ചെയ്തിരുന്നു.

ജൂലൈ രണ്ടാം തീയതി രാത്രിയോടെ സമീപപ്രദേശത്തുള്ള ഒരാളാണ് അർജുനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പ്രതികളുടെ അടുത്ത് എത്തിച്ചത്. ഉടൻ തന്നെ അയാൾ സംഭവസ്ഥലത്തുനിന്നു മടങ്ങിയതായി വിവരം ലഭിക്കുകയും ചെയ്തു. അർജുന്റെ തിരോധാനത്തിൽ സുഹൃത്തുക്കളായ നിപിൻ, റോണി എന്നിവരെ സംശയം ഉണ്ടെന്ന് കാണിച്ച് ജൂലൈ മൂന്നിന് പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട വിധം ഗൗനിച്ചില്ലെന്ന് അർജുന്റെ പിതാവ് വിദ്യൻ പറയുന്നു.

ബുധനാഴ്ച ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാൻ പൊലീസ് പറഞ്ഞതായും വിദ്യൻ ആരോപിക്കുന്നു. നിപിന്റെ സഹോദരന്റേത് അപകട മരണമായിരുന്നു. അർജുനും ഗുരുതരമായി പരുക്ക് പറ്റി. പത്ത് ലക്ഷം രൂപയോളം മുടക്കിയാണ് അർജുനെ രക്ഷിച്ചത്– കണ്ണീരോടെ വിദ്യൻ പറയുന്നു. ഞങ്ങൾ കണിയാൻമാരല്ല നിങ്ങളും അന്വേഷിക്കൂ.. ഞങ്ങൾ വേണ്ടത് ചെയ്തോളാമെന്നാണ് പൊലീസ് പറഞ്ഞതെന്ന് അർജുന്റെ ഇളയച്ഛൻ  പറഞ്ഞു.

അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. പൊലീസിന്റെ ഭാഗത്തു നിന്ന് ആത്മാർഥമായ ശ്രമം ഉണ്ടായില്ലെന്ന് കുമ്പളം കൗണ്‍സിലര്‍ രതീഷ്, പാപ്പന മരട് കൗണ്‍സിലര്‍ എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചു. അഞ്ചാം തീയതി പ്രതികളെ അർജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും അർജുന്റെ വീട്ടിലേക്കു വിളിച്ചു വരുത്തിയിരുന്നു. ഞങ്ങൾ ഒന്നും ചെയ്തില്ല ആന്റി, എന്ന് യാതൊരു ഭാവവ്യത്യാസവും കൂടാതെ പ്രതികൾ അർജുന്റെ അമ്മയോട് പറഞ്ഞതായി ഇളയ്ചഛൻ പറയുന്നു. പെട്രോൾ വാങ്ങാൻ പോയി, ബാറിൽ പോയി, അവനെ ഞങ്ങൾ കണ്ടില്ല തുടങ്ങിയ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതികൾ ബന്ധുക്കളോടു പറഞ്ഞതെന്ന് മരട് കൗണ്‍സിലര്‍ ജബ്ബാർ പറഞ്ഞു.

പ്രതികളെന്ന് സംശയിക്കുന്നവർ അടുത്തുണ്ടെന്നും ചോദ്യം ചെയ്യാനുള്ള മനസ് ഉണ്ടാകണമെന്ന് പറഞ്ഞ് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിലേക്കു വിളിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിക്കാനായിരുന്നു മറുപടി. ഏറെ നേരത്തിനു ശേഷമെത്തിയ പൊലീസുകാർ പ്രതികളെ സ്റ്റേഷനിലേക്കു കൊണ്ടു പോയെങ്കിലും ചോദ്യം ചെയ്തതിനു ശേഷം അന്ന് വൈകിട്ടോടെ വിട്ടയച്ചു.

കൊലയ്ക്കു ശേഷം പ്രതികള്‍ ‘ദൃശ്യം’ സിനിമ മോഡലില്‍ അർജുന്റെ ഫോൺ ലോറിയിൽ കയറ്റി വിട്ടതായി പനങ്ങാട് പൊലീസ് സ്ഥിരീകരിച്ചു. അർജുനെ കണ്ടെത്താൻ ആത്മാർത്ഥമായി ശ്രമിക്കുകയായിരുന്നുവെന്നും മറ്റ് ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നുമായിരുന്നും പൊലീസ് ഭാഷ്യം. അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഈ ഫോണിന്റെ സിഗ്നലുകള്‍ പിന്തുടര്‍ന്ന പൊലീസ് അര്‍ജുന്‍ ജീവിച്ചിരിക്കുന്നതായി തെറ്റിദ്ധരിച്ചതാണ് അന്വേഷണം വൈകാന്‍ കാരണമെന്നും പറയപ്പെടുന്നു.

നെട്ടൂർ റെയിൽവേ സ്റ്റേഷൻ വരുമാനമില്ലെന്ന ന്യായം പറഞ്ഞ് അടച്ചു പൂട്ടിയതോടെയാണ് സാമൂഹികവിരുദ്ധരുടെ താവളമായി അത് മാറിയത്. റെയിൽവേ സ്റ്റേഷന്റെ സമീപമുള്ള ചതുപ്പിലാണ് അർജുന്റെ മൃതദേഹം പ്രതികൾ കുഴിച്ചിട്ടത്. സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം വൈകിട്ട് അഞ്ചിനു ശേഷം ഇതിലെ വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്നും മരട് കൗണ്‍സിലര്‍ ജബ്ബാർ പറഞ്ഞു.

സംഭവദിവസം പെട്രോൾ തീർന്നുവെന്ന കാരണം പറഞ്ഞ് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച ശേഷം ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ‌ സമ്മതിച്ചതായാണ് സൂചന. പിടിയിലായവരിൽ ഒരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ ജൂലൈ രണ്ടിനു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി.