കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയില്‍. ദുബായില്‍ ഒഴികെ മറ്റൊരിടത്തും പദ്ധതികള്‍ തുടരേണ്ടതില്ലെന്ന് ദുബായ് ഹോള്‍ഡിങ്സ് കമ്പനി തീരുമാനിച്ചതിനേത്തുടര്‍ന്നാണ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയിലായിരിക്കുന്നത്. ഇതോടെ 78,000 തൊഴിലവസരങ്ങളും 90 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും സംസ്ഥാനത്തിനു നഷ്ടമായേക്കും. കൊച്ചി സ്മാര്‍ട് സിറ്റി ദുബായിലെ ഓഫീസിന്റെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം പകുതിയോടെ പൂര്‍ണ്ണമായും നിലച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ദുബായ് ഹോള്‍ഡിങ്സ് കമ്പനിയുടെ പുതിയ മാനേജ്‌മെന്റ് അധികാരത്തിലെത്തിയതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്.

ദൂബായ് ഒഴികെയുള്ള മേഖലകളില്‍ തുടരുന്ന സ്മാര്‍ട് സിറ്റി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചതോടെ കേരളത്തിലെ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു. സൗദിയില്‍ കമ്പനി നടത്തുന്ന സ്മാര്‍ട് സിറ്റി പദ്ധതിയും ഉപേക്ഷിച്ചിട്ടുണ്ട്. 2004-ലാണ് ദുബായ് ഹോള്‍ഡിങ്സ് തങ്ങളുടെ രാജ്യത്തിനു പുറത്തും പുതിയ പദ്ധതികള്‍ കൊണ്ടുവരാനുള്ള ആശയത്തിനു രൂപം കൊടുത്തത്. ഡോ. ഒമര്‍ ബിന്‍ സുലൈമാന്‍ നടപ്പാക്കിയ ഗോയിങ് ഗ്ലോബല്‍ പദ്ധതിക്കു സ്ഥലം കണ്ടെത്താന്‍ രൂപീകരിച്ച മൂന്നംഗ കോര്‍ ടീമാണ് ഐ.ടി പദ്ധതിക്ക് അനുയോജ്യമായ സ്ഥലം തേടി ദുബായിക്കു പുറത്ത് അന്വേഷണം ആരംഭിച്ചത്.

മാള്‍ട്ട, ഇറാന്‍, ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളിലും സ്ഥലം നോക്കി. ഇന്ത്യയില്‍ ഗുര്‍ഗാവ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളില്‍ എവിടെയെങ്കിലും പദ്ധതി തുടങ്ങാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ഹൈദരാബാദിലെ വാലന്‍ബര്‍ഗ് ഐ ടി കമ്പനി വിലയ്ക്കു വാങ്ങാനുള്ള തീരുമാനം വേണ്ടെന്നുവച്ചതോടെ കേരളത്തിനു സാധ്യത തെളിഞ്ഞു. 2011 ഫെബ്രുവരിയിലാണു സ്മാര്‍ട് സിറ്റി കരാറില്‍ സര്‍ക്കാരും ദുബായ് ഹോള്‍ഡിങ്സും ഒപ്പിട്ടത്. 2016 മാര്‍ച്ചില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് അതിന്റെ ഉദ്ഘാടനവും നടന്നിരുന്നു. രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ട 90,000 ചതുരശ്രയടി കെട്ടിടങ്ങളും 78,000 തൊഴിലവസരങ്ങളുമാണ് പദ്ധതി വേണ്ടെന്നുവച്ചതോടെ കേരളത്തിനു നഷ്ടമാകുന്നത്.