എറണാകുളം ജില്ലയെ നടുക്കി ഇന്നലെ മൂന്നു കൊലപാതകങ്ങൾ. പറവൂർ പുത്തൻവേലിക്കരയിലും കൊച്ചി കരിമുകളിലും പെരുമ്പാവൂരിലും ആണ് ഇന്നലെ വൈകിട്ട് നടന്ന അക്രമങ്ങളിൽ മൂന്നുപേർ മരിച്ചത്.

പുത്തൻവേലിക്കര മഞ്ഞക്കുളം സ്വദേശിയായ പത്തൊൻപതുകാരൻ സംഗീത് രാത്രി ഒന്‍പതരയോടെയാണ് കുത്തേറ്റ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സംഗീതിനെയും സുഹൃത്ത് ക്ലിന്റനെയും ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ ഇവര്‍ പുത്തന്‍വേലിക്കര ബസാറിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ക്ലിന്റന്‍ ഗുരുതരാവസ്ഥയില്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സുഹൃത്തുക്കളായ മൂന്നുപേര്‍ ചേര്‍ന്നാണ് ഇവരെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

അയൽവാസിയുടെ കുത്തേറ്റാണ് കൊച്ചി കരിമുകൾ പീച്ചിങ്ങാച്ചിറ കോളനിയിൽ സുരേഷ് മരിച്ചത്. രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.

കടമുറിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അടിയേറ്റാണ് പെരുമ്പാവൂരിൽ മദ്ധ്യവയസ്കൻ കൊല്ലപ്പെട്ടത്. പെരുമ്പാവൂർ ഐമുറി വിച്ചാട്ടുപറമ്പിൽ ബേബി എന്ന അറുപത്തിയാറുകാരൻ ആണ് മരിച്ചത്.

പെരുമ്പാവൂര്‍ എ.എം.റോഡില്‍ എസ്എന്‍ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം ബേബി നടത്തിയിരുന്ന പഴക്കടയില്‍ വച്ചായിരുന്നു കൊലപാതകം. അടുത്ത ബന്ധുക്കളേയും മറ്റു ചിലരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കടയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ബേബിയും സഹോദരിയുടെ മക്കളുമായി തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.