തിരുവനന്തപുരം: കോണ്‍ഗ്രസ് കോട്ടയത്ത് മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസുകാരാണ് അങ്ങിനെ ചിന്തിക്കേണ്ടതെന്നും അങ്ങിനെ വന്നാല്‍ പിന്തുണ നല്‍കുന്ന കാര്യം ആലോചിക്കാമെന്നും കോടിയേരി വ്യക്തമാക്കി.

രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹം മാത്രമാണ്. അതിനാലാണ് മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതെന്നും കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫിന് ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു. ജോസ് കെ മാണി കോട്ടയശത്ത ജനങ്ങളെ വെല്ലുവിളിച്ചെന്നും ഏഴുകോടിയോളം മണ്ഡലത്തിന് നഷ്ടം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

ജോസ്‌കെ മാണി നിലവില്‍ കേരളാകോണ്‍ഗ്രസിന്റെ ലോക്‌സഭാ എംപിയാണ്. ഈ കാലാവധി 2019 ലാണ് കഴിയുക. എംപി സ്ഥാനം രാജിവെച്ചാണ് രാജ്യസഭയിലേക്ക മത്സരിക്കുന്നതെന്നും പറഞ്ഞു.

കേരളാ കോണ്‍ഗ്രസി(എം)നു രാജ്യസഭാ സീറ്റ് നല്‍കിയതിനേത്തുടര്‍ന്നു കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് തുടങ്ങുന്ന കെ.പി.സി.സി. നേതൃയോഗങ്ങളില്‍ വിഷയമാകും. കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രാഷ്ട്രീയകാര്യസമിതിയും നാളെ ഭാരവാഹി യോഗവും ചേരും. യോഗങ്ങളില്‍ നേതൃമാറ്റത്തിനുള്ള ആവശ്യം കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. ഇന്നു ചേരുന്ന രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശകരുടെ വിഭാഗത്തിനു ഭൂരിപക്ഷമുള്ളതിനാല്‍ നേതൃത്വം പ്രതിരോധത്തിലാകും.

യോഗങ്ങള്‍ക്കു മുമ്പ് പ്രശ്‌നങ്ങള്‍ തണുപ്പിക്കാനാണു കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍ പത്രസമ്മേളനം നടത്തിയത്. ഇടഞ്ഞുനില്‍ക്കുന്ന പി.ജെ. കുര്യനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചതും ഇതേ ഉദ്ദേശ്യത്തോടെയാണ്. എന്നാല്‍, പ്രശ്‌നം ഗ്രൂപ്പ് പോരിന്റെ തലത്തിലേക്കാണു നീങ്ങുന്നത്.