യുഡിഎഫിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മുസ്‌ലിം ലീഗ്-ജമാ അത്ത് ഇസ്‌ലാമി-എസ്‌ഡിപിഐ കൂട്ടുക്കെട്ടിലൂടെ വർഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു. വർഗീയ കൂട്ടുക്കെട്ടുകളെ തോൽപ്പിക്കുകയാണ് സിപിഎം ലക്ഷ്യമെന്നും അതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

“യുഡിഎഫ് പ്രതിസന്ധിയിലാണ്. വർഗീയ ധ്രുവീകരണത്തിനു ശ്രമങ്ങൾ നടക്കുന്നു. അടുത്തുവരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജമാ അത്ത് ഇസ്‌ലാമി, എസ്‌ഡിപിഐ പാർട്ടികളുമായി യോജിക്കാൻ ആലോചനകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. വർഗീയ കൂട്ടുക്കെട്ടുകളെ തോൽപ്പിക്കണം. ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കരുത്. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിപ്പ് വളർത്തിയെടുക്കണം. മതനിരപേക്ഷ നിലപാടിനെ ശക്തിപ്പെടുത്തി വർഗീയ ധ്രുവീകരണ ശക്തികളെ തോൽപ്പിക്കാൻ ഇടതുമുന്നണി പരിശ്രമിക്കും. അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ സെക്രട്ടറിയേറ്റിൽ തീരുമാനമായിട്ടുണ്ട്,” കോടിയേരി പറഞ്ഞു.

കേരള കോൺഗ്രസ് ജോസ് വിഭാഗത്തോടുള്ള നിലപാടും കോടിയേരി വ്യക്തമാക്കി. യുഡിഎഫിലെ ആഭ്യന്തര സംഘർഷമാണ് ജോസ് കെ.മാണിയെ പുറത്താക്കാൻ കാരണം. ജോസ് കെ.മാണി ആദ്യം രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കണം. ജോസ് കെ.മാണി നിലപാട് പ്രഖ്യാപിച്ചശേഷം മാത്രമേ ഇടതുമുന്നണിയിൽ ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യൂ. ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം അവരോടുള്ള സമീപനം വ്യക്തമാക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോസ് കെ.മാണി വിഭാഗവുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങനെയൊരു ചർച്ചയ്‌ക്ക് ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയെ സമീപിച്ചിട്ടുമില്ല. അതുകൊണ്ട് രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കുന്നതിനനുസരിച്ച് അവരോടുള്ള സമീപനം ഇടതുമുന്നണി ചർച്ച ചെയ്യുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിലും കോടിയേരി നിലപാട് വ്യക്തമാക്കി.” ‘ഒരു ദിവസം ആരോപണം ഉന്നയിക്കുന്നു, താെട്ടടുത്ത ദിവസം അത് പിൻവലിക്കുന്നു’ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്യുന്നത് ഇതാണ്. ആരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസം വന്ന് സർക്കാർ പറഞ്ഞതാണ് ശരിയെന്ന് പറയേണ്ടിവരുന്നു. ചെന്നിത്തലയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ അദ്ദേഹം തെളിവുകൾ കൊണ്ടുവരട്ടെ. തെളിവുകൾ ഉണ്ടെങ്കിൽ വിജിലൻസിനെയോ മറ്റ് ഏജൻസികളെയോ സമീപിക്കാമല്ലോ.” കോടിയേരി വെല്ലുവിളിച്ചു