തിരുവനന്തപുരം: തന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ മകനെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകനെ സംരക്ഷിക്കില്ല. കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്കോ പാര്‍ട്ടിക്കോ ആവില്ല. മകനെതിരായ ആരോപണത്തില്‍ നിജസ്ഥിതി നിയമപരമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. തെറ്റുകാരെ സംരക്ഷിക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നില്‍ക്കുമെന്ന് പറഞ്ഞിട്ടില്ല. മാറിനില്‍ക്കണമെന്ന് പറയുന്നവര്‍ക്ക് മറ്റുചില അജണ്ടയുണ്ടെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ മകനെതിരായ പരാതി അവാസ്തവമാണ് എന്ന് ഉറപ്പിച്ചുപറയാനും കോടിയേരി തയ്യാറായിട്ടില്ല.

തന്റെ അടുത്ത് ആരും സംസാരിച്ചിട്ടില്ല എന്നും കോടിയേരി പറഞ്ഞു . ഭാര്യയുടെ അടുത്തു സംസാരിച്ചുവെന്ന ആരോപണം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണ്. അതില്‍ അഭിപ്രായം പറയേണ്ടതില്ല. നിയമാനുസൃതമായ നടപടിയുടെ ഭാഗമായാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

ഈ പ്രശ്‌നം വന്നശേഷം മകന്‍ കാണാന്‍ വന്നിരുന്നു. എന്നാല്‍ വിവാദമായ ശേഷം കണ്ടിട്ടില്ല. അവന്‍ വേറെ കുടുംബമായി താമസിക്കുന്ന ആളാണ്. അവന്റെ പുറകെ നടക്കുന്നയാളല്ല താന്‍. അങ്ങനെയായിരുന്നെങ്കില്‍ ഈ പ്രശ്‌നമുണ്ടാകുമായിരുന്നോ? മക്കള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഏതു രക്ഷിതാവിനാണ് കഴിയുക. അവനവന്‍ ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്തം അവനവന്‍ ഏറ്റെടുക്കണം. അത് പാര്‍ട്ടി അംഗങ്ങള്‍ക്കായാലും കുടുംബാംഗങ്ങള്‍ക്കായാലും ബാധകമാണ്. സംരക്ഷണം കിട്ടുമെന്ന് കരുതി തെറ്റു ചെയ്യാന്‍ മുതിരരുത്. ഇത് എല്ലാവര്‍ക്കും ഒരു അനുഭവ പാഠമായിരിക്കണം. കോടിയേരിയുടെ കുടുംബത്തിനെതിരെ അടിക്കടി ആരോപണങ്ങള്‍ ഉയരുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ഒളിവില്‍ കഴിയുന്ന മകനെ നിയമത്തിനു മുന്നില്‍ ഹാജരാക്കുമോ എന്ന ചോദ്യത്തിന് താന്‍ മുംബൈ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളല്ല എന്നായിരുന്നു മറുപടി.

ചോദ്യങ്ങള്‍ക്ക് മൂര്‍ച്ചയേറിയതോടെ അതെല്ലാം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും അതില്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നുമായിരുന്നു പലതിനും മറുപടി. പോലീസ് ഓഫീസര്‍മാര്‍ ചോദിക്കുന്നപോലെ മാധ്യമപ്രവര്‍ത്തകര്‍ മാറുകയാണോ എന്നും കോടിയേരി ചോദിച്ചു. രാഷ്ട്രീയമായി ഉയരുന്ന ആരോപണങ്ങളില്‍ മറുപടി പറയാനില്ല. മറുപടി അറിയാഞ്ഞിട്ടല്ല, ഈ ഘട്ടത്തില്‍ വേണ്ടന്നു വയ്ക്കുന്നതാണ്. കുറച്ചുനാളായി താന്‍ ആയുര്‍വേദ ചികിത്സയിലായിരുന്നുവെന്നും ഇന്ന് സി.പി.എം യോഗങ്ങളില്‍ പങ്കെടുക്കേണ്ടതിനാലാണ് ഇന്ന് വന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

ആന്തൂര്‍ വിഷയത്തില്‍ വീഴ്ച വരുത്തി സെക്രട്ടറിയും മറ്റ് ജീവനക്കാരും നടപടി നേരിടുന്നുണ്ട്. സര്‍ക്കാരും പോലീസും അന്വേഷണം നടത്തുന്നുണ്ട്. ഹൈക്കോടതിയുടെയും പരിഗണനയിലുണ്ട്. പഞ്ചായത്ത്, നഗരസഭകളില്‍ എത്തുന്ന അപേക്ഷകളില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇതില്‍ വീഴ്ച പറ്റുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പി.കെ ശ്യാമളയുടെ രാജിസ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നഗരസഭ അധ്യക്ഷ നല്‍കിയ നിര്‍ദേശം ഉദ്യോഗസ്ഥര്‍ പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാതെ കോടിയേരി പെട്ടെന്ന് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.