കണ്ണാടിച്ചില്ലിലൂടെ കാഴ്ചകള്‍ കണ്ട് കൂകിപായുന്ന തീവണ്ടിയിലൂടെ ഇനി ചെങ്കോട്ടപാത ആസ്വദിക്കാം. സതേന്‍ റെയില്‍വേ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ബോഗികള്‍ കണ്ണാടിച്ചില്ലിനാല്‍ സുതാര്യമാക്കി യാത്രാനുഭൂതി ഒരുക്കുന്നത്. പുനലൂര്‍ -ചെങ്കോട്ടപാതയില്‍ ഓടുന്ന താംബരം എക്‌സ്പ്രസിലാണ് ഈ മാറ്റങ്ങള്‍കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. താംബരം സ്പെഷല്‍ സൂപ്പര്‍ എക്സ്പ്രസ് സ്ഥിരം സര്‍വീസായി മാറുമ്പോഴാണു മൂന്ന് വശവും ഗ്ലാസുകള്‍ കൊണ്ട് നിര്‍മിച്ചതും 180 ഡിഗ്രി കറങ്ങുന്ന ആഡംബര കസേരകള്‍ ഘടിപ്പിച്ച ശീതീകരിച്ച ബോഗിയുംകൂടി ഉള്‍പ്പെടുത്തുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ബോഗിയാകും ആദ്യം നിലവില്‍ വരിക. പദ്ധതി വിജയകരമെങ്കില്‍ താംബരം എക്‌സ്പ്രസില്‍ കൂടുതല്‍ ബോഗികള്‍ കൂടി ഉള്‍പ്പെടുത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. വിനോദ സഞ്ചാരസാധ്യതകളെ ലഭ്യമാക്കുന്നതിനും വിദേശികളായ യാത്രക്കാരെ കൂടുതല്‍ അടുപ്പിക്കുന്നതിനുമായിട്ടാണ് റെയില്‍വേ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.

വിസ്റ്റോഡോം കോച്ച് എന്നാണ് ഇതിനു റെയില്‍വേ പേര് നല്‍കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ അരക്ക് വാലി ഹില്‍ സ്റ്റേഷന്‍ ഭാഗത്താണ് റെയില്‍വേ ഈ സംവിധാനത്തിലൂടെ ട്രയിന്‍ ഓടിക്കുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എംപി റെയില്‍വേക്ക് സമര്‍പ്പിച്ച നിര്‍ദേശം വഴിയാണ് പദ്ധതി നടപ്പിലാക്കാന്‍ സതേന്‍ റെയില്‍വേ ഒരുങ്ങുന്നത്.

ചെങ്കോട്ട പാതയിലെ ഏറ്റവും സവിശേഷത ബ്രട്ടീഷുകാരുടെ കാലത്ത് പണിത പതിമൂന്ന് കണ്ണറപാലവും പശ്ചിമഘട്ട മലനിരകളുമാണ്. മലനിരകള്‍ താണ്ടിയുള്ള സഞ്ചാരമാണ് ഇതില്‍ ഏറ്റവും കൗതുകം. 20 കിലോമീറ്ററോളം ഇത്തരത്തില്‍ മലനിരകള്‍ താണ്ടിയാണ് ട്രയിന്‍ കടന്നുപോകുന്നത്. തുടര്‍ന്ന് ഒരുകിലോമീറ്ററോളം വരുന്ന തുരങ്കം താണ്ടിയാല്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെത്തി.

പാണ്ഡ്യന്‍പാറ മുട്ടകുന്നുകളും കടമന്‍പാറചന്ദനത്തോട്ടവും ഇവയില്‍ ഏറ്റവും കൗതുകമനാണ്. യാത്രക്കാര്‍ക്ക് ആസ്വാദനമികവൊരുക്കിയാണ് തീര്‍ത്തും സുതാര്യമായ ബോഗികള്‍ ഉള്‍പ്പെടുത്തി ഇതുവഴി ട്രയിന്‍ ഓടാന്‍ ആരംഭിക്കുന്നത്. വേഗത 30 കിലോമീറ്ററായതിനാല്‍ എല്ലാം ഭംഗിയായി കാണുകയും ചെയ്യാം