പേരൂർ പ്രോമിസ്ഡ് ലാൻഡിൽ രഞ്ജിത്ത് ജോൺസന്റെ (40) കൊലപാതകത്തിൽ നിർണായക തെളിവായത് ഒരു ടീ ഷർട്ട്. പേരൂർ പ്രോമിസ്ഡ് ലാൻഡിൽ രഞ്ജിത്ത് ജോൺസനെ ഗുണ്ടാസംഘം കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിലെ ക്വാറി അവശിഷ്ടങ്ങൾ തള്ളുന്ന സ്ഥലത്ത് കുഴിച്ചിട്ട കേസിൽ ഇന്നായിരുന്നു വിധി  . ഒന്നാംപ്രതി പാമ്പ് മനോജ് അടക്കം ഏഴുപേര്‍ക്ക് ജീവപര്യന്തം. ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്ന് കോടതി വിധിച്ചു. ഈ കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിൽ നിർണായക പങ്ക് വഹിച്ചത് പ്രതികൾ വഴിയിൽ ഉപേക്ഷിച്ച രഞ്ജിത്തിന്റെ ടീ ഷർട്ടാണ്.

ഒന്നാം പ്രതി മനോജിന്റെ ഭാര്യയെ രഞ്ജിത്ത് ജോൺ‌സൺ 9 വർഷമായി ഒപ്പം താമസിപ്പിച്ചിരുന്നതിന്റെ വിരോധമാണ് കൊലപാതകത്തിനു കാരണമായത്. രഞ്ജിത്ത് ധരിച്ചിരുന്ന ടി ഷർട്ടും കാറിന്റെ ഡിക്കി മാറ്റും പ്രതികൾ വഴിയിൽ വലിച്ചെറിഞ്ഞിരുന്നു. മുൾച്ചെടിയിൽ കുരുങ്ങിയ നിലയിൽ കിടന്ന ഇതു 42–ാം ദിവസം പൊലീസ് കണ്ടെടുത്തു. രഞ്ജിത്തിനോടൊപ്പം താമസിച്ച, പാമ്പ് മനോജിന്റെ ഭാര്യ സമ്മാനമായി നൽകിയതായിരുന്നു ടി ഷർട്ട്. ഇവർ ഇത് തിരിച്ചറിഞ്ഞു. പാമ്പ് മനോജിന്റെ ഭാര്യയാണ് കേസിലെ ഒന്നാം പ്രതി.

പോലീസ് കുറ്റം തെളിയിച്ചത് ഇങ്ങനെ :

കഴിഞ്ഞ ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് കാട്ടുണ്ണി, കൈതപ്പുഴ ഉണ്ണി, വിഷ്ണു എന്നിവർ ചേർന്നു രഞ്ജിത്തിനെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോയി. മദ്യപിക്കാം എന്നു പറഞ്ഞാണു കൊണ്ടുപോയത്. പ്രതികൾ തലേന്നു തന്നെ കാർ വാടകയ്ക്ക് എടുത്തിരുന്നു.

കാർ 150 മീറ്റർ പിന്നിട്ടപ്പോൾ ക്വട്ടേഷൻ ആണെന്നും കൊല്ലാനാണു കൊണ്ടുപോകുന്നതെന്നും സംഘം പറഞ്ഞു.

ബോക്സർ കൂടിയായ ര​ഞ്ജിത്ത് ജോൺസൺ വലതുവശത്തിരുന്ന വിഷ്ണുവിനെ ഇടിച്ചു പുറത്തു തള്ളി രക്ഷപ്പെടാൻ ശ്രമിച്ചു. മുൻവശത്ത് ഇടതു സീറ്റിൽ ഇരുന്ന കാട്ടുണ്ണി, രഞ്ജിത്ത് ജോൺസന്റെ കൈലിയിൽ പിടിച്ചു വീഴ്ത്തി. രഞ്ജിത്തിന്റെ ഇടിയേറ്റു കാറിന്റെ വാതിലിനു കേടുപാടുണ്ടായി.

ചാത്തന്നൂർ പോളച്ചിറ ഏലായിലെ വിജനമായ സ്ഥലത്തെത്തിച്ചു വൈകിട്ട് അഞ്ചരയോടെ ഒന്നാം പ്രതി ഉൾപ്പെടെ 5 പേർ ചേർന്നു രഞ്‍ജിത്തിനെ അടിച്ചും തൊഴിച്ചും കൊലപ്പെടുത്തി. മർദിക്കുന്നതു തൊഴിലുറപ്പു തൊഴിലാളി കണ്ടു. ഇവർ സമീപത്തെ യുവാവിനെ വിവരം അറിയിച്ചു.

നെടുങ്ങോലം എൽപി സ്കൂളിനു സമീപത്തെ വിജനമായ പുരയിടത്തിൽ വച്ചു രാത്രി പത്തരയോടെ ആദ്യവാഹനത്തിൽനിന്നു ‌മറ്റൊരു കാറിന്റെ ഡിക്കിയിലേക്കു മൃതദേഹം മാറ്റി.

മൃതദേഹം മറവു ചെയ്യാനായി കൈതപ്പുഴ ഉണ്ണിയും പ്രണവും ചേർന്നു. പാരിപ്പള്ളിയിലെ കടയിൽ നിന്നു 2 മൺവെട്ടിയും പിക്കാസും വാങ്ങി.

കന്യാകുമാരി – കശ്മീർ ദേശീയപാതയിലുടെ പോയ സംഘം നംഗല്ലൂർ ടോൾ പ്ലാസയ്ക്കു 10 കിലോമീറ്റർ അകലെ സമത്വപുരത്തു ക്വാറി അവശിഷ്ടം നിക്ഷേപിക്കുന്ന കുഴിയിൽ മൃതദേഹം മറവു ചെയ്തു.1000 ഏക്കറിലേറെ വിസ്തൃതിയുള്ള വിജനമായ സ്ഥലമാണിത്.

സലൈപുത്തൂർ ടോൾപ്ലാസ വഴി തിരുനൽവേലിയിലേക്കു പോയി.

രഞ്ജിത്ത് ധരിച്ചിരുന്ന ടി ഷർട്ടും കാറിന്റെ ഡിക്കി മാറ്റും വഴിയിൽ വലിച്ചെറിഞ്ഞു. മുൾച്ചെടിയിൽ കുരുങ്ങിയ നിലയിൽ കിടന്ന ഇതു 42–ാം ദിവസം പൊലീസ് കണ്ടെടുത്തു. (രഞ്ജിത്തിനോടൊപ്പം താമസിച്ച, പാമ്പ് മനോജിന്റെ ഭാര്യ സമ്മാനമായി നൽകിയതായിരുന്നു ടി ഷർട്ട്).ഒന്നാംപ്രതിയുടെ ഭാര്യയാണു പ്രോസിക്യൂഷന്റെ ഒന്നാം സാക്ഷി.