14 വർഷം എൻഐടി പ്രഫസറായി വേഷം കെട്ടിയ ജോളി ജോസഫ് പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി.

പക്ഷേ പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണ് ബികോമിനു ചേർന്നതെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിനു കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. പാലായിലെ പാരലൽ കോളജിൽ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല.

പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളമായി കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.

എൻഐടി അധ്യാപികയായി വേഷമിടുന്നതിനു മുൻപ് ഒരു വർഷം ബിഎഡിന് ചേർന്നെന്ന പേരിലും ജോളി വീട്ടിൽ നിന്നു വിട്ടുനിന്നിരുന്നു. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയ ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല.

എൻഐടിയിൽ ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയിരുന്ന ജോളി ആറു മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ കോഴ്സുകളും ബ്യൂട്ടീഷ്യൻ കോഴ്സിനും ചേർന്നിരുന്നതായി പൊലീസിനു സംശയമുണ്ട്.. അറസ്റ്റു ചെയ്യുന്നതിനു മുൻപേ പൊന്നാമറ്റം വീട്ടിൽ നടത്തിയ പരിശോധനയിൽ ഇത്തരം ചില സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.

പിണറായിയിലെ കൂട്ടക്കൊലപാതകക്കേസിന്റെ വാർത്തകൾ വായിച്ചപ്പോഴാണ് സ്വന്തം കുടുംബത്തിൽ നടന്ന മരണങ്ങളെക്കുറിച്ചു സംശയം തോന്നിത്തുടങ്ങിയതെന്ന് കൂടത്തായി കൊലക്കേസിലെ പരാതിക്കാരനായ റോജോ തോമസ്. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു ജോളി പറഞ്ഞ കാര്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകളും തമ്മിൽ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം സഹോദരി രഞ്ജിയുമായി ചർച്ച ചെയ്യുകയും പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.

കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നതെന്നും റോജോ പറഞ്ഞു. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യതകളുണ്ട്. ജോളി ഇപ്പോൾ പിടിയിലായിരുന്നില്ലെങ്കിൽ കൂടുതൽ പേർ കൊല്ലപ്പടാനുള്ള സാധ്യതയുണ്ടായിരുന്നു. ദൈവകൃപയാലാണു താനും സഹോദരങ്ങളും മക്കളും രക്ഷപ്പെട്ടതെന്നും റോജോ പറഞ്ഞു. റോജോയുടെയും സഹോദരി രഞ്ജിയുടെയും രണ്ടു ദിവസത്തെ മൊഴിയെടുപ്പ് പൂർത്തിയായി. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കൽ അവസാനിച്ചത് രാത്രി 9.30ന്. ആദ്യദിവസവും പത്തരമണിക്കൂറോളം നീണ്ടിരുന്നു.

ഓരോ മരണവും നടന്ന സാഹചര്യങ്ങൾ അന്വേഷണസംഘത്തിന് മുൻപിൽ ഇരുവരും വിവരിച്ചു. താൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളെല്ലാം വിവരിച്ചെന്നും രേഖകൾ കൈമാറിയെന്നും റോജോ പറഞ്ഞു. റോയ് –ജോളി ദമ്പതികളുടെ മക്കളായ റോമോ, റൊണാൾ‍ഡ് എന്നിവരിൽ നിന്നും പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജോളിയും മക്കളും തമ്മിൽ കാണാതിരിക്കാൻ പൊലീസ് ഇന്നലെയും മുൻകരുതലെടുത്തു. മൊഴിയെടുക്കൽ നടന്ന വടകരയിലെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഇന്നലെ ജോളിയെ കൊണ്ടുവന്നില്ല.