കൊരട്ടി: കൊരട്ടിയിലെ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വീണ്ടും പ്രതിഷേധം. താല്‍ക്കാലികമായി ചുമതലയേല്‍ക്കാന്‍ എത്തിയ വികാരിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. കാണിക്ക സ്വര്‍ണം വിറ്റതില്‍ പള്ളിയ്ക്കു നഷ്ടപ്പെട്ട തുക തിരിച്ചടയ്ക്കാതെ ഒത്തുതീര്‍പ്പിന് ഇല്ലെന്ന കടുത്ത നിലപാടിലാണ് ഇടവക വിശ്വാസികള്‍.
കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്ക് രൂപത താല്‍ക്കാലികമായി നിയോഗിച്ച വികാരി ഫാ.ജോസഫ് തെക്കിനിയത്തിനെ വിശ്വാസികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. രാവിലെ അഞ്ചേക്കാലിന് വികാരി കുര്‍ബാന ചൊല്ലിയെങ്കിലും മറ്റുള്ള കുര്‍ബാനയ്ക്കു വിശ്വാസികള്‍ സമ്മതിച്ചില്ല. രണ്ടു കാര്യങ്ങളാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. കാണിക്ക സ്വര്‍ണം വിറ്റതിലെ ക്രമക്കേടിലൂടെ പള്ളിയ്ക്കു നഷ്ടമായ പണം തിരിച്ചുകിട്ടണം. പള്ളിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം. ഈ ആവശ്യങ്ങള്‍ നടപ്പാക്കാതെ കൊരട്ടി പള്ളിയില്‍ യാതൊരു ഒത്തുതീര്‍പ്പിനും വിശ്വാസികള്‍ ഇല്ല. മൂന്നും നാലും മാസം കഴിഞ്ഞ ശേഷം നടപടിയെടുക്കാമെന്ന നിലപാടിലാണ് രൂപത നേതൃത്വം. കാലതാമസം വരുത്തി പ്രശ്നം മയപ്പെടുത്തി കൊണ്ടുവരാനുള്ള രൂപതയുടെ ശ്രമവും ഇതോടെ പാളി.

വികാരി മാത്യു മണവാളനെ രൂപത നേതൃത്വം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പകരം താല്‍ക്കാലികമായി എളംകുളം പള്ളിയിലെ വികാരിയെ കൊരട്ടിയിലേയ്ക്കു നിയോഗിക്കുകയായിരുന്നു. വികാരിയെ മാറ്റിയതോടെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രൂപത നേതൃത്വം. പള്ളിയ്ക്കു നഷ്ടപ്പെട്ട സ്വര്‍ണവും പണവും പകരം വയ്ക്കാതെ, പ്രശ്നങ്ങള്‍ തീരില്ലെന്ന് ഇതോടെ ഉറപ്പായി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ പരസ്യമായി മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച വൈദികനാണ് മാത്യു മണവാളന്‍. മാധ്യമങ്ങളുമായി കൊരട്ടി പള്ളിയിലെ പ്രശ്നം ചര്‍ച്ച ചെയ്യരുതെന്ന് രൂപത നേതൃത്വം വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ദ്ദിനാളിനെതിരെ വൈദികര്‍ക്ക് മാധ്യമങ്ങളോട് പറയാമെങ്കില്‍ കൊരട്ടി പള്ളിയിലെ പ്രശ്നങ്ങളും പറയുമെന്നാണ് വിശ്വാസികളുടെ നിലപാട്.