കൊല്ലം കൊട്ടാരക്കര കടയ്ക്കോട് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കാമുകൻ ഇടക്കോട് സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി.

കടയ്ക്കോട് പ്രഭാ മന്ദിരത്തിൽ അനൂപിന്റെ ഭാര്യ ബിന്ദുലേഖയെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊലപാതകമെന്ന് ഫോലീസ് കണ്ടെത്തിയതോടെയാണ് ബിനു അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഭർത്താവ് അനൂപും രണ്ടുമക്കളും ബിന്ദുലേഖയുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെല്ലാം ഉറങ്ങിയെന്ന് ബിന്ദുലേഖ ഫോണിൽ അറിയിച്ചതിനെ തുടർന്ന് ബിനു വീടീനുള്ളിൽ കയറി അവരുടെ കിടപ്പുമുറിയിലെത്തി തറയിലിരുന്നു.ബിന്ദുലേഖയോട് മടിയിൽ കിടക്കാൻ പറഞ്ഞു. സൗഹൃദം നടിച്ച് തലോടുന്നതിനിടയിൽ കഴുത്തിലും വായിലും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൊല നടത്തിയശേഷം കട്ടിലിൽ എടുത്ത് കിടത്തി.പുതപ്പ് കൊണ്ട് ശരീരം മൂടിയശേഷം അടുക്കള വാതിലിലൂടെ രക്ഷപെടുകയായിരുന്നു.

രാവിലെ എഴുനേൽക്കാത്തതിനെ തുടർന്ന് അമ്മ എത്തി വിളിച്ചപ്പോളാണാണ് മരിച്ചതായി അറിഞ്ഞത്.ശരീരത്ത് പാടുകൾ ഒന്നും ഉണ്ടായിരുന്നില്ല. കഴുത്തിലും മുഖത്തും കണ്ട നിറ വ്യത്യാസം പോലീസിന് സംശയംതോന്നി. തിരു: മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. ഒളിവിൽ കഴിയവെ കേരളപുരത്ത് നിന്നുമാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ബിന്ദുലേഖയുടെ ഭർത്താവ് അനൂപിന്റെ അകന്ന ബന്ധുവാണ് പ്രതി ബിനു. ഇരുവരും തമ്മിൽ വീട്ടുകാർ അറിയാതെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ഇതിനെ ചൊല്ലി കൊല്ലപ്പട്ട ദിവസം തർക്കമുണ്ടായി. തന്റെ അഞ്ചാലുംമൂട്ടിലെ കുടുംബവീട്ടിലേക്ക് താമസ്സം മാറുമെന്ന് ബിന്ദുലേഖ പറഞ്ഞതും വിദ്വേഷത്തിന് കാരണമായതായി പോലീസ് പറഞ്ഞു. എഴുകോൺ സ്റ്റേഷനിൽ 8 മോഷണ കസ്സിലെ പ്രതിയാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.