കോട്ടയം: മദ്യം വിളമ്പുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോട്ടയം ക്ലബില്‍ മദ്യപിക്കാനെത്തിയവര്‍ ഏറ്റുമുട്ടി.രണ്ടു പേര്‍ക്ക് മര്‍ദനമേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. സംഘര്‍ഷത്തിനിടെ ഒരാള്‍ വീട്ടില്‍ നിന്നു തോക്കുമായി എത്തിയത് സംഘര്‍ഷം ഇരട്ടിയാക്കി.സംഭവമറിഞ്ഞ് വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയാണ് മദ്യപിക്കാനെത്തിയവരെ ക്ലബില്‍ നിന്ന് പുറത്താക്കിയത്. സംഭവമുമായി ബന്ധപ്പെട്ട് വെസ്റ്റ് പോലീസ് കേസെടുത്തു.

കോട്ടയം ക്ലബില്‍ ഏതാനും നാളുകളായി പണം വച്ചുളള ചീട്ടുകളി നടന്നിരുന്നു. രാത്രി പതിനൊന്നിന് ക്ലബ് അടയ്ക്കണമെന്നാണ് എക്‌െസെസ് നിയമം. എന്നാല്‍, നിശ്ചിത സമയത്തിനു ശേഷവും ഇവിടെ ചീട്ടുകളി നടക്കാറുണ്ട്. ബാര്‍ സമയത്തിനു ശേഷവും ചീട്ടുകളിച്ചവര്‍ മദ്യം ആവശ്യപ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനു തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസത്തെ സംഭവം. സംഘര്‍ത്തിനിടെ കാഴ്ചക്കാരായി നിന്നവര്‍ക്ക് നേരെയും ചിലര്‍ അതിക്രമത്തിന് മുതിര്‍ന്നതായി പറയുന്നു.

അടുത്തയിടെ അംഗത്വം കിട്ടിയ ഒരു അംഗത്തിന്റെ നേതൃത്വത്തിലാണ് സംഘര്‍ഷം ഉണ്ടായത്. ഇയാള്‍ മുതിര്‍ന്ന ചില അംഗങ്ങളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. കോട്ടയം ക്ലബിലേക്കുളള റോഡില്‍ വാഹനം കുറുകേ നിര്‍ത്തി മറ്റ് വാഹനങ്ങള്‍ തടഞ്ഞിട്ടാണ് ഇയാള്‍ നിരപരാധികളെ തല്ലിയത്. ഈ സമയത്താണ് ഒരാള്‍ വീട്ടില്‍ നിന്നു തോക്കുമായി എത്തിയത്.തല്ലിയ ആള്‍ക്കെതിരേ വേറെയും ചില കേസുകള്‍ ഉളളതായാണ് അറിയുന്നത്. കോട്ടയം ക്ലബ് രാത്രി പതിനൊന്നിന് അടയ്‌ക്കേണ്ടതാണെങ്കിലും മിക്കപ്പോഴും ക്ലബ് അടയ്ക്കുന്നതു നേരം പുലരാറാകുമ്പോഴാണ്. ഇത് സംബന്ധിച്ച് എക്‌സൈസ് പലതവണ ഭരണസമിതിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതുപോലെ ഒരു ദിവസം പതിനഞ്ചു മുതല്‍ 20 ലക്ഷം രൂപ വരെയയുളള ചീട്ടുകളി ക്ലബില്‍ നടക്കുന്നുണ്ട്. എന്നാല്‍ നഗരത്തിലെ പല പ്രമുഖരും ചീട്ടകളിക്കാനെത്തുന്നതിനാല്‍ പോലീസ് മൗനം പാലിക്കുകയാണ്. സാധാരണക്കാര്‍ മദ്യപിച്ചാല്‍ പിടികൂടാന്‍ നില്‍ക്കുന്ന പോലീസ് കോട്ടയം ക്ലബില്‍ നിന്നു മദ്യപിച്ചശേഷം വാഹനത്തില്‍ വരുന്നവരെ കണ്ടാല്‍ ഗൗനിക്കാറു പോലുമില്ല. സംഭവം വിവാദമായതോടെ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിതീര്‍ക്കുന്നതിനുളള നീക്കവും സജീവമാണ്.