കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തെന്മല വച്ച് കെവിന്‍ അപായപ്പെട്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് സാനുവും സംഘവും കെവിന്‍റെ സുഹൃത്ത് അനീഷിനെ വിട്ടയച്ചതെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായി. സാനുവിന്‍റെ ഭീഷണിക്ക് വഴങ്ങി പരാതിയില്ലെന്ന് എഎസ്ഐ ബിജുവിനെ അനീഷ് വിളിച്ചറിയിക്കുന്ന ഫോണ്‍ സംഭാഷണമാണ്‌ പുറത്തായത്.

സാനുവിന്‍റെ ഫോണില്‍ നിന്നാണ് അനീഷ് എഎസ്ഐ വിളിച്ചതെന്നും സൂചനയുണ്ട്. നീനുവിനെ വീട്ടില്‍ നിന്ന് ഇറക്കിക്കൊടുക്കാം എന്ന് പറഞ്ഞാണ് അനീഷ് രക്ഷപെട്ടത്. രക്ഷപെട്ട ശേഷം അനീഷ് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ല.

പോലീസ് ഉന്നതർ കഥയ്ക്ക് ആവശ്യമായ പ്ലോട്ട് തയ്യാറാക്കാനുള്ള പുറപ്പാടിലാണ്. കെവിനെ മർദ്ദിച്ചു എന്ന നിലപാടിലാണ് പോലീസ് എത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പ്രാഥമികാന്വേഷണ റിപ്പോർട്ടിലും ക്രിത്രിമത്വം കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഇതിനു വേണ്ടി എത്ര കോടി മറിഞ്ഞു എന്നത് മാത്രം അന്വേഷിച്ചാൽ മതി. ചോദ്യം ചെയ്യുന്നവരോട് തങ്ങൾക്കു എങ്ങനെ തെളിവുണ്ടാക്കാൻ കഴിയുമെന്നായിരിക്കും പോലീസ് ചോദിക്കുന്നത്. മർദ്ദനം ഒരു വലിയ കുറ്റമല്ലല്ലോ. പ്രതികളെ നല്ലവരാക്കാനും നീനുവിനെ മോശക്കാരിയാക്കാനും അവർ വാർത്തകൾ മെനയുന്നുണ്ട്.

ഓരോ കേസും ദുർബലമാകുന്നത് അതിന്റെ ആദ്യഘട്ടത്തിലാണ്. അതാണ് കെവിന്റെ കേസിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന നാടകങ്ങൾ അതാണ് തെളിയിക്കുന്നത്. മുങ്ങിമരണം കൊലപാതകമാകുമോ എന്നതാണ് ചോദ്യം. കെവിന് മർദ്ദനമേറ്റിരുന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടോ എന്നറിയില്ല. ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. പ്രതികളെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതിനൊരു പക്ഷേ അധികൃതരുടെ പിന്തുണയുണ്ടാകും.

മരണത്തിലേക്ക് ഇരയെ എത്തിച്ചു എന്ന കാര്യം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേസിലെ പ്രതികൾ ഊരി പോകും. മാധ്യമങ്ങൾ കെവിനൊപ്പം നിൽക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ പ്രതികൾക്കൊപ്പം നിൽക്കും. ബന്ധപ്പെട്ടവർക്ക് കേസിൽ വ്യക്തമായ നിലപാടുണ്ട്. നിരവധി പോലീസ് ഉദ്യോഗസ്ഥർ അന്വേഷണ മറയിലാണ്. നീനുവിന്റെ കുടുംബത്തിന് ഒരു പരിഭ്രമം പോലുമില്ല. എന്തുവന്നാലും നേരിടാം എന്ന ധൈര്യത്തിലാണ് കുടുംബം. ഇത്തരമൊരു നിഗമനത്തിലേക്ക് അവരെ നയിച്ചത് പോലീസാണ്.

കെവിനെ മുക്കിക്കൊന്നു എന്ന നിഗമനം തെളിയിക്കണമെങ്കിൽ അതിന് ആവശ്യമായ തെളിവുകൾ കണ്ടെക്കണം. തെളിവുകൾ കണ്ടെത്താൻ പോലീസ് തയ്യാറായല്ല. കാരണം പോലീസ് പ്രതികളായി തീർന്ന കേസ് തന്നെയാണ് ഇതും. പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി വരെ പോലീസിനെ നിർത്തുന്നു. എസ് ഐയും എസ്പിയും വീഴ്ച വരുത്തിയതായി മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. അവർക്കെതിരെ നടപടി വേണമെന്ന് പാർട്ടി സെക്രട്ടറിയും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ പോലീസ് ഒരിക്കലും സത്യസന്ധമായി അന്വേഷിക്കുകയില്ല. അവരിൽ നിന്നും കെവിന്റെ വീട്ടുകാർക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.

വിദഗ്ധ കൊലയാളികളെയാണ് ക്വട്ടേഷൻ ഏൽപ്പിച്ചത്. അവർ കൊലപാതക കുറ്റം തലയിൽ വരാതിരിക്കാൻ കെവിനെ മുക്കി കൊന്നു എന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു ചിന്തയിൽ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ പോലീസ് തയ്യാറല്ല. കാരണം കെവിന്റെ വീട്ടുകാരല്ല നീനുവിന്റെ വീട്ടുകാരെയാണ് അവർക്കിഷ്ടം. തങ്ങളെ പ്രതിസന്ധിയിലാക്കുന്ന എല്ലാവരെയും പോലീസ് ശത്രുപക്ഷത്താണ് കാണുന്നത്. മുഖ്യമന്ത്രി എതിരെ പറഞ്ഞാൽ അദ്ദേഹവും ശത്രുവാകും. ഇപ്പോൾ പോലീസിന് മുന്നിൽ മാധ്യമങ്ങളാണ് ഒന്നാം പ്രതി .