നഗരമധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 16നു കോടിമതയ്ക്കു സമീപം കൊല്ലപ്പെട്ടതു ബംഗാൾ ജയ്പാൽഗുരി സ്വദേശി പുഷ്പനാഥ് സൈബിയാണെന്നും ( പുഷ്കുമാർ) ഇയാളെ സുഹൃത്ത് അപ്പു റോയ് കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഇന്നലെ ഉച്ചയോടെ ബെംഗളൂരു വൈറ്റ് ഫീൽഡിൽ നിന്നു അപ്പു റോയിയെ പൊലീസ് അറസ്റ്റു ചെയ്തു. പണത്തിനു വേണ്ടിയാണു സുഹൃത്തായ പുഷ്കുമാറിനെ കൊന്നതെന്നു അപ്പു സമ്മതിച്ചു. പുഷ് കുമാറിന്റെ എടിഎം കാർഡ് ഉപയോഗിച്ചു അപ്പു പണം പിൻവലിച്ചതായും കണ്ടെത്തി. ജയ്പാൽഗുരി സ്വദേശികളായ പുഷ് കുമാർ എരുമേലിയിലും അപ്പു റോയ് കോട്ടയത്തുമാണു ജോലി ചെയ്തിരുന്നത്. പുഷ് കുമാർ 4 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി അപ്പു മനസിലാക്കി. ജോലി സ്ഥലത്തു നിരന്തരം വഴക്കുണ്ടാക്കി മാറുന്ന അപ്പുവിന് ആരും സ്ഥിരം ജോലി നൽകിയിരുന്നില്ല

പണം ആവശ്യത്തിന് ആയെന്നും നാട്ടിലേക്കു തിരികെ പോയി കൃഷി തുടങ്ങുമെന്നും പുഷ് കുമാർ അപ്പുവിനോടു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്തേക്കു പുഷ് കുമാറിനെ വിളിച്ചുവരുത്തിയ അപ്പു നഗരത്തിലെ കെട്ടിടത്തിന്റെ മുകളിൽ വച്ചു കൊലപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. എടിഎം കാർഡിൽ പുഷ് കുമാർ പിൻ നമ്പർ എഴുതിയിരുന്നതു പണം എടുക്കാനും സൗകര്യമായി. കോടിമതയിലെ ഹോട്ടലിനു സമീപത്തെ സിസിടിവി ക്യാമറയിൽ നിന്നു ലഭിച്ച ചിത്രമാണ് തുമ്പായത്.

ഇരുവരും ഒരുമിച്ച് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ കോട്ടയത്തെയും പരിസരത്തെയും ലേബർ കരാറുകാരുടെ യോഗം വിളിച്ചു ചേർത്തതിൽ നിന്നാണു അപ്പു റോയിയെ കുറിച്ചു സൂചന ലഭിച്ചത്. പ്രതിയെ ഇന്നു കോട്ടയത്ത് എത്തിക്കും