പ്രണയ വിവാഹം; കോട്ടയത്ത് നിന്നും തട്ടിക്കൊണ്ടുപോയ വരന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി, ക്രൂര കൊലപാതകം…

പ്രണയ വിവാഹം; കോട്ടയത്ത് നിന്നും തട്ടിക്കൊണ്ടുപോയ വരന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി, ക്രൂര കൊലപാതകം…
May 28 06:02 2018 Print This Article

പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശിയായ നവവരന്‍റെ മൃതദേഹം കണ്ടെത്തി. കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിന്‍റെ(23) മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലാണ് കണ്ടെത്തിയത്. ദുരഭിമാനക്കൊല നടത്തിയത് കെവിന്‍റെ ഭാര്യയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളാണെന്നാണ്‌ പ്രാഥമിക വിവരം. മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്ന കെവിനൊപ്പം സീനുചാക്കോ ഇറങ്ങിപ്പോയതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്.

ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സീനുവിന്‍റെ സഹോദരന്‍റെ നേതൃത്വത്തിലുള്ള ഗൂണ്ടാസംഘം കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ചവശനാക്കിയശേഷം അനീഷിനെ വഴിയില്‍ ഉപേക്ഷിച്ചിരുന്നു. കെവിന്വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാന്‍ കസ്റ്റഡിയില്‍ ആയി. അഞ്ചല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

കോട്ടയത്ത് നവവരനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയെന്ന പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗര്‍ എസ്.ഐയ്ക്കെതിരെ അന്വേഷണം. നവവരനെക്കുറിച്ച് 30 മണിക്കൂറായിട്ടും വിവരമില്ലായിരുന്നു. പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗര്‍ എസ്.ഐയ്ക്കെതിരെയാണ് അന്വേഷണം. പ്രതികളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പി അന്വേഷിക്കുന്നത്.

പൊലീസ് കൈക്കൂലി വാങ്ങി കേസൊതുക്കാന്‍ ശ്രമിച്ചെന്ന ആരോപണം കെവിന്‍റെ സുഹൃത്ത്  ഉന്നയിച്ചിരുന്നു. കൈക്കൂലി കൊടുത്തെന്ന് കെവിന്‍റെ ഭാര്യാ സഹോദരന്‍ വെളിപ്പെടുത്തിയെന്ന് സുഹൃത്ത് ബാബു പറഞ്ഞു. മകനെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ ബന്ധുക്കളെ എസ്ഐ അവഹേളിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മർദിച്ച് അവശനാക്കിയശേഷം വഴിയിൽ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അതിനിടെ, കെവിൻ പത്തനാപുരത്തുവച്ചു കാറിൽനിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, ഇതു വിശ്വസനീയമല്ലെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിനെ അറിയിച്ചിരുന്നു.

നീനുവും കെവിനും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താൻ ബന്ധുക്കൾ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താൽപര്യമെന്ന് അറിയിച്ചു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ പെൺകുട്ടിയെ പൊലീസിന്റെ മുന്നിൽവച്ചു മർദിച്ചു വാഹനത്തിൽ കയറ്റാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ സംഘടിച്ചതോടെ പിൻവാങ്ങി.

ശനിയാഴ്ച രാവിലെയും ഇവരെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിൻ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിൻ കഴിഞ്ഞിരുന്നത്. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേർ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകർത്തശേഷം കാറിൽ കയറ്റി കൊണ്ടുപോയി. കാറിലും മർദനം തുടർന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു.

സമീപമുള്ള വീട്ടുകാർ ഉണർന്നെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കിയതിനാൽ പുറത്തിറങ്ങിയില്ല. ഇവരാണു മറ്റു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് ഫോണിൽ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡിൽ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കാഴ്ച വൈകല്യമുമുള്ള അനീഷിന്റെ കണ്ണിനു ഗുണ്ടാസംഘത്തിന്റെ മർദനത്തിൽ വീണ്ടും പരുക്കേറ്റിട്ടുണ്ട്.

മകളെ കാണാനില്ലെന്നു പിതാവ് ചാക്കോ ഇന്നലെ വൈകിട്ടു പരാതി നൽകിയതോടെ നീനുവിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. കെവിനൊപ്പം പോകണമെന്നു നീനു ബോധിപ്പിച്ചതിനാൽ കെവിന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. കൊല്ലം ഇടമൺ‌ റിയാസ് മൻസിലിൽ ഇബ്രാഹിംകുട്ടിയുടെ കാറാണു പൊലീസ് പിടികൂടിയത്. നീനുവിന്റെ മാതൃസഹോദരപുത്രനായ ചിന്നു ശനിയാഴ്ച രാവിലെ കോട്ടയത്തേക്കു പോകാനെന്നു പറഞ്ഞു കൊണ്ടുപോയ കാർ രാത്രി പത്തോടെ തിരികെ എത്തിച്ചെന്നും മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നുമാണ് പൊലീസ് കസ്റ്റഡിയിലുള്ള ഇബ്രാഹിംകുട്ടിയുടെ മൊഴി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles