കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ ലോട്ടറി വില്‍പ്പനക്കാരിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് മെഡിക്കല്‍ കോളജ് വളപ്പില്‍ ജീര്‍ണിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ. അന്വേഷണത്തിലാണ് മരിച്ചത് തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേപ്പറമ്പില്‍ പൊന്നമ്മയാണെന്ന് തിരിച്ചറിഞ്ഞത്. മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു 55 കാരിയായ പൊന്നമ്മ. പൊന്നമ്മയുടെ മകളാണ് മൃതഹേദം തിരിച്ചറിഞ്ഞത്. അഴുകിയ നിലയിലായതിനാല്‍ സാരി കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്ന് വ്യക്തമായി. കല്ലുപോലെ ഭാരമേറിയ വസ്തുകൊണ്ട് അടിച്ചാലും ഉയരത്തില്‍നിന്ന് തലയിടിച്ച് വീണാലുമാണ് ഇത്തരം പരിക്കുകള്‍ക്ക് സാധ്യത.

ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്. എന്നാല്‍ രക്തം പുരണ്ട കല്ലോ ആയുധങ്ങളോ സമീപത്തുനിന്നും കണ്ടെത്താനായിട്ടില്ല. നാല്‍പ്പതിനായിരം രൂപയും പത്ത് പവന്‍ സ്വര്‍ണവും പൊന്നമ്മയുടെ കയ്യിലുണ്ടായിരുന്നുവെന്ന് മകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് കവര്‍ച്ച ചെയ്തിരിക്കാമെന്നാണ് സൂചന. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, നേരത്തെ ഇയാള്‍ക്കൊപ്പമാണ് പൊന്നമ്മ താമസിച്ചിരുന്നത്. പണത്തിനായി പൊന്നമ്മയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. 18 വര്‍ഷം മുന്‍പ് കാണാതായ മകന്‍ സന്തോഷിനെത്തേടിയാണ് പൊന്നമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. പിന്നീട് ലോട്ടറിക്കച്ചവടം നടത്തി അവിടെത്തന്നെ കഴിയുകയായിരുന്നു.