കോട്ടയം മെഡിക്കല്‍ കോളജില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ലോട്ടറി വില്‍പ്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറന്പില്‍ പൊന്നമ്മ (55)യുടെതാണു മൃതദേഹം. കാന്‍സര്‍ വാര്‍ഡിന് എതിര്‍വശത്ത് സി ടി സ്കാന്‍ സെന്‍ററിനോട് ചേര്‍ന്നുള്ള കുറ്റികാടിനുള്ളിലാണ് ശനിയാഴ്ച പകൽ ഒരു മണിയോടെ മൃതദേഹം കാണപ്പെട്ടത്.

ഹാർഡ് ബോർഡ് പെട്ടിക്കുള്ളിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം ആദ്യം കണ്ടത്.ശനിയാഴ്ച രാവിലെയോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വ്യാപിച്ചിരുന്നു.ഇതേ തുടർന്ന് ക്യാൻസർ വാർഡിലെ കൂട്ടിരുപ്പുകാർ ആശുപത്രിയിൽ മാലിന്യം ശേഖരിക്കുന്നവരെ വിവരം അറിയിച്ചു. തുടർന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോൾ അഴുകിയ മൃതദേഹം ചതിപ്പിലേക്ക് പതിച്ചു. തുടർന്ന് ഗാന്ധിനഗർ പൊലീസിനെ വിവരം അറിയിച്ചു. എസ്പി പി എസ് സാബു, ഡിവൈഎസ്പി പാർഥസാരഥി പിള്ള, കോട്ടയം ഡിവൈഎസ്പി ആർ ശ്രീകുമാർ, സി ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധർ, ബോംബ് സ്ക്വോഡ് ,ഡോഗ് സ്ക്വോഡ് എന്നിവർ സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.

മൃതദേഹം ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ക്കു ശേഷം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ എട്ടു ദിവസം മുൻപ് മുതല്‍ അമ്മയെ കാണാനില്ലെന്ന പരാതിയുമായി തൃക്കൊടിത്താനം സ്വദേശിയായ യുവതി മെഡിക്കല്‍ കോളജിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇവരെ വിളിച്ചു വരുത്തിയ പോലീസ് സംഘം വസ്ത്രങ്ങളും, മൃതദേഹത്തില്‍നിന്നു ലഭിച്ച വളയും കാണിച്ചു. ഇവരാണ് മകള്‍ മൃതദേഹം പൊന്നമ്മയുടേതാണ് സൂചന നല്‍കിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ 8 ദിവസമായി പൊന്നമ്മയെ കാണാനില്ലെന്ന് അറിഞ്ഞു. മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന പൊന്നമ്മ ആഴ്ചയിലൊരിക്കലാണ് മകളുടെ വീട്ടിലേക്ക് പോകുന്നത്.

ആത്മഹത്യയാകാമെന്ന നിഗമനമാണു പോലീസിന്റേതെങ്കിലും ഇത്രേയെറ തിരക്കുളള പ്രദേശത്ത്‌ ഇതെങ്ങനെ സംഭവിച്ചു എന്നതാണ്‌പോലീസിനെ കുഴക്കുന്ന ചോദ്യം. മൃതദേഹത്തിന്റെ അരയ്‌ക്കു മുകളിലേക്ക്‌ നഗ്നമാണ്‌. പ്രദേശത്തു തീപടര്‍ന്നതിനു സമാനമായ ലക്ഷണങ്ങളും കാണാം. പ്രത്യക്ഷത്തില്‍ ആശുപത്രിയില്‍ വരുന്നവര്‍ ശ്രദ്ധിക്കുന്ന പ്രദേശമല്ലെങ്കിലും അത്യാഹിതമുണ്ടായാല്‍ വളരെ വേഗം അറിയുന്ന സ്‌ഥലത്താണു മൃതദേഹം കണ്ടെത്തിയത്‌. രാപകല്‍ ഭേദമെന്യേ ആളുകള്‍ കടന്നു പോകുന്ന പ്രദേശത്ത്‌ ഒരാള്‍ തീ പിടിച്ചു മരിച്ചാലുണ്ടാകുന്ന ബഹളം, പ്രകാശം ഇവയൊന്നും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.