കോട്ടയം പാലായെ അഞ്ച് പതിറ്റാണ്ടോളം കൊണ്ടുപോയ ആളായിരുന്നു കെഎം മാണി. ഇത് യുഡിഎഫില്‍ തന്നെ അഭിപ്രാഭ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കി. ഒടുവില്‍ കെഎം മാണിയെ എങ്ങനെയെങ്കിലും പുറത്താക്കണമെന്നായിരുന്നു ലക്ഷ്യം. ഒടുവില്‍ ബാര്‍ കോഴ കേസും കെട്ടിവെച്ചു. ഇതിനുപിന്നാല്‍ കോണ്‍ഗ്രസിന്റെ കളി തന്നെയാണെന്ന് പലരീതിയില്‍ തെളിഞ്ഞതുമാണ്. കെഎം മാണി പോയതോടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയം ചര്‍ച്ചയുമായി. ഒടുവില്‍ ജോസ് കെ മാണി അങ്കത്തിലിറങ്ങി കളിച്ചു.

എന്നാല്‍, കോട്ടയത്ത് യുഡിഎഫ് തകരുമെന്ന നിലയാണ്. പിജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസിന് കോട്ടയത്തും പത്തനംതിട്ടയിലും സ്വാധീനം കുറവാണ്. എങ്കിലും ജോസ് കെ മാണിയെ പുറത്താക്കി യുഡിഎഫിന്റെ കോട്ടയം ജില്ലയില്‍ ഒന്നാം നമ്പര്‍ പാര്‍ട്ടിയാക്കാനാണ് കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളുടെ ശ്രമം. ഇത് ജോസ് കെ മാണിയും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം ജോസഫിന് അടിയറവ് പറയാത്തതും. കെ എം മാണിയുണ്ടാക്കിയ കരാര്‍ പ്രകാരം ജില്ലാ പ്രസിഡന്റാകേണ്ട ആളാണ് ചുമതലയിലുള്ളത്. പാര്‍ട്ടിയുടെ ചിഹ്നവും ഔദ്യോഗിക അംഗീകരാവും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലാണ്. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് സീറ്റ് നല്‍കിയത്. അതില്‍ തര്‍ക്കമുള്ളതിനാല്‍ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം.

പാലായില്‍ ചിഹ്നം പോലും ജോസഫ് നല്‍കിയില്ല. ഇതാണ് പാലായിലെ തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പിന്നിലും കോണ്‍ഗ്രസിന്റെ താല്‍പ്പര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കോട്ടയത്തെ കാര്യത്തില്‍ വീട്ടു വീഴ്ചയില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം. പാലായില്‍ ജോസഫ് വിലപേശല്‍ നടത്തി. വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അംഗീകാരം റദ്ദാക്കണമെന്ന് പോലും ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് ജോസഫിനെതിരെ നടപടി എടുത്തില്ല.

ഒടുവില്‍ പാലായില്‍ ചിഹ്നം നിഷേധിച്ച് തോല്‍പ്പിച്ച ജോസഫ് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ച് ജോസ് കെ മാണി മുന്നോട്ട് പോകുകയാണ്. ബെന്നി ബെഹന്നാന്റെ അന്ത്യശാസനം നിരസിച്ചതോടെ കോട്ടയത്തെ ചൊല്ലിയുള്ള യുഡിഎഫിലെ കലഹം പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. എത്രയും വേഗം ജോസിനെ പുറത്താക്കണമെന്ന് ജോസഫ് പറയുന്നു. പുറത്ത് പോവേണ്ടി വന്നാലും വിട്ടു വീഴ്ചയ്ക്കില്ലെന്ന് ജോസും നിലപാട് എടുക്കുമ്പോള്‍ യുഡിഎഫ് പ്രതിസന്ധിയിലാണ്.

യുഡിഎഫില്‍ പി.ജെ. ജോസഫ് കലഹം സൃഷ്ടിക്കുകയാണെന്ന് ജോസ് കെ മാണി പറയുന്നു. ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനം വേണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസഫ് യുഡിഎഫിന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു. നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ കലഹമുണ്ടാക്കുക പതിവാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക തള്ളണമെന്ന് വരണാധികാരിയോട് ആവശ്യപ്പെട്ടു. ചിഹ്നം കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് വരണാധികാരിക്കു കത്തെഴുതി. കുട്ടനാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നതിനു മുന്‍പ് യുഡിഎഫില്‍ ആലോചിക്കാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് ആവശ്യപ്പെട്ടു. അകലക്കുന്നത്തും കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലും വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും ജോസ് കെ. മാണി പറഞ്ഞു.