മലയാളംയുകെ ന്യൂസ് സ്പെഷ്യൽ : ജോജി തോമസ്.

യുകെയിൽ നിരവധി മലയാളികൾ കോവിഡ് -19 ന്റെ രണ്ടാം ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. ലണ്ടൻ ലൂട്ടനടുത്തുള്ള ബെഡ്ഫോർഡിലുള്ള മലയാളികളിൽ പലരുമാണ് രണ്ടാം ആക്രമണത്തിന് ഇരയായി ക്വാറന്റെയിനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മലയാളികൾക്ക് പുറമേ ഇംഗ്ലീഷുകാരുപ്പെടുന്ന മറ്റു കമ്മ്യൂണിറ്റിയിൽ നിന്നും സമാനമായ സംഭവങ്ങൾ ബെഡ്ഫോർഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ രണ്ടാം ആക്രമണത്തിന് വിധേയരായതായി സംശയിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ്. കോവിഡിന്റെ ആദ്യ ആക്രമണത്തിൽ ഓക്സിജൻ സാച്ചുറേഷൻ കുറയുക, കടുത്ത പനിയും, ശ്വാസതടസ്സം, മണവും രുചിയും നഷ്ടപ്പെടുക തുടങ്ങി എല്ലാ ലക്ഷണങ്ങളോടും കൂടി ഐസലേഷനിലും, മെഡിക്കൽ ലീവിലും പോയിരുന്നെങ്കിലും കോവിഡ് ടെസ്റ്റ് നടത്താതിരുന്നത് കൊറോണ വൈറസിനെക്കുറിച്ചുള്ള  പഠനങ്ങൾക്ക് തന്നെ തിരിച്ചടിയാവുകയാണ്.  കോവിഡ് -19 ന്റെ ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കുന്ന ജീവനക്കാരെ കോവിഡ് ടെസ്റ്റ് നടത്താതെ തന്നെ ക്വാറന്റേയിനിൽ പോകാൻ ആയിരുന്നു എൻഎച്ച് എസ്സ് നിർദേശിച്ചിരുന്നത്. കൊറോണ വൈറസ് ബാധ രണ്ടാമത് ബാധിച്ചിരിക്കുന്നതായി സംശയിക്കുന്ന മലയാളികൾക്ക് രോഗബാധയുടെ ലക്ഷണങ്ങൾ വീണ്ടും കാണിച്ചത് രണ്ടു മുതൽ മൂന്നു വരെ മാസകാലാവധിക്ക് ശേഷമാണ് . ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു . കൊറോണാ വൈറസിന്റെ രണ്ടാം ആക്രമണത്തിന് വിധേയരായവരിൽ പലരിലും കോവിഡ് -19 ന്റെ തിരിച്ചുവരവിൽ വളരെ മിതമായ രീതിയിലേ രോഗലക്ഷണങ്ങൾ കാണിക്കുന്നുള്ളൂ.

ബെഡ്ഫോർഡിൽ തന്നെ മൂന്നോളം മലയാളി കുടുംബങ്ങളിൽ നിന്നാണ് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . ലണ്ടൻ നഗരത്തിന് വളരെ അടുത്തുള്ള ബെഡ്ഫോർഡിൽ വിവിധ വംശജരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമാണ്. നിരവധി പേരാണ് ജോലിക്കും മറ്റും ദൈനംദിന ആവശ്യങ്ങൾക്കുമായി എല്ലാദിവസവും ലണ്ടനിൽ പോയി മടങ്ങിയെത്തുന്നത് . ബെഡ്ഫോർഡ് റെഡ് സ്പോട്ട് ഏരിയ ആയി മുന്നറിയിപ്പ് നൽകി കൊണ്ടുള്ള ഇമെയിൽ സന്ദേശം ഇതിനോടകം ബെഡ്ഫോർഡ് കൗൺസിൽ ബെഡ്ഫോർഡ് നിവാസികൾക്ക് നൽകിയിട്ടുണ്ട് . എന്തായാലും, കോവിഡിന്റെ ആക്രമണത്തിന് ഒരിക്കൽ വിധേയരായവർക്ക്‌ രോഗപ്രതിരോധ ശേഷി ലഭിക്കുമെന്നും , കുറഞ്ഞത് ആറു മാസത്തേയ്ക്കെങ്കിലും രോഗം വരാനുള്ള സാധ്യതയില്ലെന്നുമുള്ള ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് ബെസ്ഫോർഡിൽ നിന്നുള്ള വാർത്തകൾ.