കാരൂര്‍ സോമന്‍

കോഴിയെ തിന്നുന്ന കാര്യത്തില്‍ ഞാന്‍ മിടുക്കന്‍ തന്നെയെന്നാണ് ഭാര്യയുടെ പക്ഷം. അവധിക്കു നാട്ടില്‍ വരുമ്പോള്‍ എന്തു വില കൊടുത്താലും നല്ല ചൊമചൊമാന്നുള്ള പൂവന്‍കോഴിയെ വാങ്ങി എണ്ണയില്‍ പൊരിച്ചു കഴിക്കും. അമേരിക്കയിലെ കൊഴുത്തു തടിച്ച തണുത്തു മരവിച്ച വൈറ്റ് ലഗൂണ്‍ കോഴിയെ തിന്നു മടുത്തു. അതിന് ഒരു ഗുണവുമില്ല, മണവുമില്ല. എന്നാല്‍ നാടന്‍ കോഴി അങ്ങനെയല്ല. കോഴിയെ തിന്നുന്നത് ഒരു കലയല്ല.

പ്രത്യേകിച്ച് നാട്ടിലെ ചുവന്ന പൂവന്‍ കോഴികളെ. അവര്‍ ഉച്ചത്തില്‍ കൂവിക്കളയും. കോഴികളില്‍ തന്നെ രണ്ടു വിഭാഗമുണ്ടത്രേ. ഒന്ന് കമ്യൂണിസം പ്രസംഗിച്ചു കളയും, മറ്റൊന്ന് സുവിശേഷവും. എന്തായാലും മുന്നിലെ പ്ലേറ്റിലെത്തിയാല്‍ പിന്നെ മാര്‍ക്‌സ് എന്നോ എംഗല്‍സ് എന്നോ വല്ലതുമുണ്ടോ. കോഴിയെ പിടിക്കാനാണു സാറേ പാട് എന്ന് വേലക്കാരന്‍ പയ്യന്റെ വാദം. എന്നാല്‍ പക്ഷപാതിയല്ലാത്ത ഡ്രൈവര്‍ നാണപ്പന്‍ പറയും. അതിനൊക്കെ ഒരു നാ….ക്ക് ഉണ്ട് സാറേ. കോഴികളെ ആദ്യം വശീകരിക്കണം. കണ്ടിട്ടില്ലേ, പാര്‍ട്ടി സഖാക്കന്മാര്‍ പുതിയ അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നത്. അങ്ങനെ തന്നെ. പയ്യെ വലമുറുക്കണം. പിന്നെ വാളു കൈയില്‍ കൊടുക്കണം. വെട്ടിക്കൊല്ലാന്‍ പറയണം. തല്ലിക്കൊല്ലലിന്റെ ക്ലാസ്സ കഴിയുമ്പോഴേക്കും ഒന്നാന്തരമൊരു ചാവേര്‍ റെഡി. പിന്നെ പ്ലേറ്റിലെത്താന്‍ താമസം വേണ്ട. തൊലിയുരിയുന്നതാ സാറേ അതിലും പാട്.
വീണ്ടും വേലക്കാരന്‍ പഹയന്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ഉയര്‍ത്തി.

തൊലിയുരിക്കണ്ട, താനേ ഉരിഞ്ഞോളും.
നാണപ്പന്‍ സ്വരം താഴ്ത്തിപ്പറഞ്ഞു.

സാറേ കമ്യൂണിസ്റ്റു കോഴികള്‍ സമയം നോക്കാതെ കിടന്നു കൂവുമെന്നേയുള്ളൂ. പത്തു പൈസയുടെ സ്വാഭാവിക വിവരമില്ല. പ്രായോഗിക പരിജ്ഞാനവുമില്ല. അതിനെ ഓടിച്ചിട്ടു പിടിക്കണ്ട. വെല്ലുവിളിച്ചാല്‍ മതി. നമ്മുടെ കാല്‍ച്ചുവട്ടില്‍നിന്ന് ഗര്‍ജ്ജിച്ചോളും. ആ തക്കത്തിന് ദാ, ഇങ്ങനെ പിന്നിലൂടെ വന്ന് കഴുത്തിനു മുകളിലൂടെ കൊങ്ങായ്ക്ക് ഒറ്റ പിടി. ചവിട്ടി വലിച്ച് കൊരവളളി പൊട്ടിച്ചാല്‍ പിന്നെ ഏതു സിദ്ധാന്തവും ദാ, ഇങ്ങനെ വായുവലിച്ച് കിടക്കും.

ചത്തുകഴിഞ്ഞാലും ചിലതുണ്ട്. വര്‍ഗസമരത്തിന്റെയും ട്വിയാന്‍മെന്‍ സ്‌ക്വയറിന്റെ പ്രായോഗികവാദത്തിന്റെയുമൊക്കെ വക്താക്കളുടെ വേഷംകെട്ടി നടക്കുന്നവര്‍. കീഴടങ്ങിയാല്‍ പിന്നെ വെയ്റ്റ് ചെയ്താല്‍ മതി. ജനിച്ചു, ജീവിച്ചു, മരിച്ചു- എന്നിട്ട് എന്തു ചെയ്തു എന്നോര്‍ക്കുമ്പോള്‍ തന്നെ അതിന്റെ തൊലി താനെ ഉരിഞ്ഞിറങ്ങും. കോഴിപ്പിടുത്തത്തിനു ഇങ്ങനെ ചില ട്രിക്കുകളുണ്ട്. കോഴികളുടെ രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ അത്ര ബോധവാനായിരുന്നില്ല. കലാപങ്ങളുടെയും കലഹങ്ങളുടെയും സന്ധിയില്ലാ സമരം നയിക്കുന്ന കോഴികളെക്കുറിച്ച് ഒരുപാടു പറയാനുണ്ടെന്ന് നാണപ്പന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത്, കോഴികളുടെ നിറവും വര്‍ഗ്ഗവിപ്ലവത്തിന്റെ നിറവും ഏതാണ്ട് ഒന്നിക്കേണ്ടിവന്നല്ലോ എന്നായിരുന്നു. ഈ ഉപരിപ്ലവമായ ചിന്ത നാണപ്പനുമായി പങ്കിടവേ അയാള്‍ പറഞ്ഞു.

എന്റെ സാറേ, ഇതു പ്രവാസിയായതിന്റെ പ്രശ്‌നമാണ്. ഞങ്ങള്‍ ലോക്കല്‍ കമ്യൂണിസ്റ്റുകള്‍ ഒരിക്കലും മുതലാളിത്ത ബൂര്‍ഷ്വകളായ പ്രവാസികളെ പരിഗണിക്കാറില്ല. അതുപണത്തിന്റെ കൊഴുപ്പുനിറഞ്ഞ ബ്രോയിലര്‍ ചിക്കന്‍ മാതിരിയാണ്. കഴുത്തുവെട്ടുമ്പോഴും അതിനു പിടിക്കാനല്ലാതെ അരുതേ എന്നു പറയാനറിയില്ല. അങ്ങനെയൊരു പ്രതിരോധം ഉയര്‍ത്തിയിരുന്നെങ്കില്‍ ഞങ്ങളൊന്നു ഞെട്ടിയേനെ. കാര്യമൊക്കെ ശരി, നിങ്ങള്‍ വിയര്‍ത്തു നേടിയ കാശുകൊണ്ട് രക്തസാക്ഷിമണ്ഡപം ഉയര്‍ത്തിയാണ് ഞങ്ങളിവിടെ ഭരിക്കുന്നത്. അത് കമ്യൂണിസ്റ്റ് ലെനിനിസത്തിന്റെ ആശയവാദമാണ്. എല്ലാ കോഴികളായ സഖാക്കളും അത് അനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്. അമൂല്യമായതെന്തോമാതിരി അതു നിങ്ങള്‍ ചോദിക്കുന്നതും ഞങ്ങള്‍ വാങ്ങിത്തരുന്നതും.

നാണപ്പന്‍ തന്റെ കോഴിസിദ്ധാന്തത്തിന്റെ വേലിക്കെട്ടഴിച്ചു.
എനിക്കു രസം കയറി.

അങ്ങനെ നാണപ്പനുമൊന്നിച്ച് ഞങ്ങള്‍ യഥാര്‍ത്ഥ ലക്ഷണമുള്ള ഒരു കോഴിയെ തിരക്കിയിറങ്ങി.

കവലയിലെ കോഴിക്കടയുടെ കാലു കൂട്ടിപ്പിടിപ്പിച്ച ബെഞ്ചില്‍ ഞാനിരുന്നു. നാണപ്പന്‍ ഇടയ്ക്ക് ബീഡി വലിച്ചു. ഞാന്‍ നീട്ടിയ റോത്ത്മാന്‍സ് സിഗരറ്റ് അയാള്‍ പുച്ഛത്തോടെ നിരസിച്ചു. പിന്നെ ചോദിച്ചു വാങ്ങി. കോഴിവെട്ടുകാരന്‍ അന്ത്രപ്പന് സമ്മാനിച്ചു. അയാള്‍ അത് രണ്ട് പുകയെടുത്തശേഷം കോഴിച്ചോരയില്‍ മുക്കി കെടുത്തി പുറത്തേക്കെറിയുന്നതു കണ്ടു. വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്നു അറിഞ്ഞു വാങ്ങിയ സിഗരറ്റാണിത്. കൊള്ളാം, ജനങ്ങള്‍ മാറിയിരിക്കുന്നു.

അത് കാലഘട്ടത്തിന്റെ പ്രശ്‌നമാണെന്നും, കമ്യൂണിസ്റ്റുകള്‍ അതില്‍ മാപ്പുസാക്ഷിയാണെന്നും നാണപ്പന്‍ പറയവേ, കാലുകൂട്ടിക്കെട്ടിയ നാടന്‍ കോഴികളെയും തൂക്കിപ്പിടിച്ച് ഒരു വിദ്വാന്‍ കയറി വന്നു. എന്റെ പ്രിയപ്പെട്ട ലക്ഷണങ്ങളൊത്ത പൂവന്‍കോഴി. അവന്‍ അങ്ങനെ കിരീടം വച്ച് ഗമയില്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു. ഞാനും കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. നൊടിയിടകൊണ്ട് ഞങ്ങള്‍ വല്ലാതങ്ങ് അടുത്തു.
നാണപ്പന്റെ കമ്യൂണിസ്റ്റ് തിയറി ഓഫ് ചിക്കന്‍ പ്രയോഗം പ്രാക്ടിക്കലായി ശരിയാണെന്ന് എനിക്കു തോന്നി. പോളണ്ടിലും റഷ്യയിലുമൊക്കെ ഇങ്ങനെയായിരുന്നുവോ കോഴിയെ പിടിച്ചിരുന്നതെന്നു എനിക്കു സംശയമാക്കൂ. അപ്പോള്‍ നാണപ്പന്‍ പറഞ്ഞു.

കോഴികള്‍ക്ക് വിവരമില്ലെന്ന് ആരാണ് പറഞ്ഞത്?

അത് എല്ലായ്‌പ്പോഴും ചിനയ്ക്കുന്നത് സിന്ദാബാദ് വിളികളാണ്.
ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്കാരനും അങ്ങനെ തന്നെ.

വ്യക്തികളല്ല, പ്രസ്താനമാണ് വലുതെന്നു പറയുമ്പോഴും പാര്‍ട്ടി ഗ്രാമങ്ങളില്‍ സിന്താബാദ് വിളിക്കാനാണ്, ആ വിളി കേള്‍ക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. ഞങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന കോഴികള്‍ക്കു മാറാനൊക്കുമോ. കാരണമത് നാടന്‍ കോഴിയാണ്. എല്ലാ പ്രാപ്പിടിയന്മാരോടും പോരാടി നേടിയ ജന്മമാണ് അതിന്റേത്. അല്ലാതെ ഫാമിനുള്ളിലെ ലൈറ്റ് വെട്ടത്തില്‍ സേഫും സെക്യൂരിറ്റിയുമായി വിരിഞ്ഞിറിങ്ങി എണ്ണം തികച്ചതല്ല. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനും കോഴിയും തമ്മില്‍ എന്താണ് വ്യത്യാസം.

ശരിയാണ്, എന്താണ് വ്യത്യാസം – നാണപ്പന്‍ പറയുന്നത് എത്ര കറക്ട്.
ഞാന്‍ കമ്യൂണിസ്റ്റ് പൂവനെ സൂക്ഷിച്ചു നോക്കി.

എന്നെ നിന്റെ സ്വന്തമാക്കൂ എന്നു പറയുന്നതുപോലെ തോന്നി, അല്ല തോന്നിയതല്ല, ഞാനതു കേട്ടു. കോഴിപ്പൂവനെ ഞാന്‍ സ്വന്തമാക്കി. ഇരട്ടി വില കൊടുക്കേണ്ടി വന്നു. നഷ്ടമില്ലെന്നു നാണപ്പന്‍.

കാശ് ഇത്തിരി കൊടുത്താലെന്താ, ഒരു കമ്യൂണിസ്റ്റ് കോഴിയെ തന്നെ കിട്ടിയില്ലേ……അത് സ്വന്തമായിക്കഴിഞ്ഞാല്‍ വെട്ടിവീഴ്ത്തിക്കോണം. അവന് മറിച്ചു ചിന്തിക്കാന്‍ ചാന്‍സ് കൊടുക്കരുത്.

നാണപ്പന്റെ വക ആശംസാ പ്രസംഗം
ഓ, ഇതു സാധാരണ കോഴിയല്ല, കമ്യൂണിസ്റ്റ് കോഴിയാണ്.
എന്റെ വയറ്റില്‍കിടന്നു പുളയാന്‍ കമ്യൂണിസ്റ്റ് ചിക്കന്‍ വെമ്പല്‍ കൊണ്ടു.

ഭാര്യയ്ക്കാണെങ്കില്‍ കോഴിപ്പൂടയൊന്നും പറിക്കാന്‍ മെനക്കെടാന്‍ കഴിയില്ല. ശീലവുമില്. കടയില്‍പോയി ഡ്രസ് ചെയ്യുന്നു എന്ന പേരില്‍ കോഴിയുടെ ഡ്രസ് അഴിച്ചു വാങ്ങുകയാണല്ലോ പതിവ്. കോഴിക്കടയുടെ മുന്നില്‍ ക്യൂ രൂപം കൊള്ളുന്നു. കൊല്ലാന്‍ രണ്ടാമതൊരാളെ ഏല്പിക്കുന്നതാണ് ബുദ്ധി. പാപമെടുത്തു തലയില്‍ വെയ്ക്കണ്ടല്ലോ……..

ക്യൂ മുന്നേറവേ….എല്ലാവരും എന്നേയും കൈയിലുള്ള കോഴിയേയും മാറിമാറി നോക്കുന്നു. കോഴിക്കടയില്‍ കോഴിയുമായി വന്നതെന്തിനെന്ന ചോദ്യം എല്ലാ കണ്ണുകളിലും. കമ്യൂണിസ്റ്റു കോഴിയെ വില്‍ക്കാന്‍ വന്നതായിരിക്കുമെന്ന് പലരും കരുതിക്കാണും. എന്റെ മുന്നിലുള്ള ക്യൂ ചെറുതായി വന്നു. ഒടുവില്‍ എന്റെ ഊഴമെത്തി.

ഈ കോഴിയെകൊന്ന് നാടന്‍ രീതിയില്‍ പൂട പറിക്കണം.
ഞാന്‍ ഒട്ടൊരു ഭവ്യതയോടെ ആവശ്യം അറിയിച്ചു.

കൂടെ കടക്കാരനും കോഴിയെ വാങ്ങാന്‍ വന്നവര്‍ക്കുമായി ചെറിയൊരു വിശദീകരണവും നല്കി.

പൂടി പറിച്ചെടുക്കുന്ന കോഴിയുടെ ഇറച്ചിയും കടയില്‍ തൊലിയുരിച്ചെറിയുന്ന കോഴിയുടെ ഇറച്ചിയും തമ്മില്‍ വലിയ രുചിവ്യത്യാസമുണ്ട്. ഈ നാടന്‍ രീതികള്‍ മറക്കാതിരിക്കാനാണ് ഞാന്‍ ഇടയ്ക്കിടെ അമേരിക്കയില്‍നിന്ന് ഇങ്ങോട്ടു വരുന്നതു തന്നെ.

അധികം വിശദീകരണം വേണ്ടെന്ന് നാണപ്പന്‍ എന്നെ നോക്കി കണ്ണിറുക്കി. അവരുടെ കണ്ണില്‍ സാമ്രാജ്യവിരുദ്ധവികാരം അലയടിക്കുന്നുണ്ടോ. അമേരിക്ക എന്നു കേട്ടപ്പോള്‍ ഒരു തരിപ്പ്. കണ്ണുകളില്‍ ചുവപ്പു പടരുന്നത്, അയാളുടെ കൈയിലിരിക്കുന്ന കൊലക്കത്തി എന്റെ നേരെ ഉയര്‍ന്നു താഴുന്നത് ഒക്കെ ഞാന്‍ ഒരു നിമിഷം മുന്നിലൂടെ കണ്ടു.

ഞാന്‍ പോക്കറ്റില്‍ കൈയിട്ടു. പള പള മിന്നുന്ന നൂറിന്റെ നോട്ട് അയാള്‍ക്കായി ഞാന്‍ പ്രദര്‍ശിപ്പിച്ചു കൊലച്ചിരിയില്‍ വസന്തം വിരിയുന്ന മാജിക് ഞാന്‍ കണ്ടു.

കടക്കാരന്‍ കമ്യൂണിസ്റ്റ് കോഴിയെ വാങ്ങി.
കൊല്ലുന്നതിനുമുമ്പ് ചില ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്.

അക്കാര്യത്തില്‍ ബ്രോയിലറിനും കമ്യൂണിസ്റ്റ് നാടന്‍ കോഴിക്കുമൊക്കെ തുല്യമായ ആചാരങ്ങള്‍. സ്വാഭാവിക ചാകലാണെങ്കില്‍ ബ്രോയിലറെ തൂക്കിയെടുത്തു കോര്‍പ്പറേഷന്റെ കൊട്ടയിലെറിയും. നാടനെ കുഴിച്ചിടും. ഇവിടെ അതല്ലല്ലോ കാര്യം.

കാശു കൊടുത്തു കൊല്ലിക്കയാണ്. അതായത് കരുതിക്കൂട്ടിയുള്ള കൊലപാതകം. അതും നല്ല സിദ്ധാന്തവും ആശയങ്ങളുമൊക്കെയുള്ള ചുവന്ന കമ്യൂണിസ്റ്റു കോഴിയെ. അപ്പോള്‍ രസം കൂടും. കാശു കൊടുക്കുമ്പോള്‍ രുചി കുറച്ചു മണിക്കൂറെങ്കിലും നാവില്‍ നില്‍ക്കും. അതാണ് നാടന്റെ ടേസ്റ്റ്.

കൊല്ലും മുമ്പ് അന്ത്യാഭിലാഷം നിറവേറ്റുന്നതുപോലെ വെള്ളം കൊടുക്കുന്ന പതിവുണ്ടത്രേ. കാലിലെ കെട്ടഴിച്ച്, വെള്ളം നിറച്ച ചെറിയ പാത്രത്തിനു മുന്നില്‍ കോഴിയെ പിടിച്ചു വയ്ക്കുകയും അവന്‍ സര്‍വശഖ്തിയുംസംഭരിച്ച് ഒറ്റയോട്ടം. പിത്തം പിടിച്ചു ചീര്‍ത്ത വൈറ്റ് ലഗൂണുകളെ മാത്രം കണ്ടു പരിചരിച്ച കടക്കാരന്‍ അങ്ങനെയൊരു കമ്യൂണിസ്റ്റു കുതറിയോടല്‍ തീരെ പ്രതീക്ഷിച്ചില്ല. കടയുടെ പിന്നിലൂടെ ഇറങ്ങിയോടിയ കമ്യൂണിസ്റ്റു കോഴിക്കു പിന്നാലെ അവനും അവന്റെ പിന്നാലെ ഞാനും എന്റെ പിന്നാലെ ആശയ സംഘട്ടനങ്ങളുടെ നടുവേദനയുമായി നാണപ്പനും ഓടി.

കോഴിയെ വാങ്ങാന്‍ വന്നവര്‍ക്കു സമയം പോകുന്നതിന്റെ അരിശം. ഒപ്പം കോഴി ഞങ്ങള്‍ മൂന്നു വര്‍ഗവഞ്ചകരെ വെട്ടിച്ചോടുന്നതു കാണാനുള്ള രസവും. വഴിപോക്കരും കാഴ്ചകണ്ടു നിന്നു.

ബഹുരാഷ്ട്ര കുത്തകയോടുള്ള ഒരു ജീവന്‍മരണ പോരാട്ടത്തിന്റെ കാതല്‍ എന്തു തന്നെയായാലും കാഴ്ചക്കാരേറി. പോരിനു മൂര്‍ച്ച കൂടി.
പാഞ്ഞു വന്ന് ബ്രേക്കിട്ടത് പാണ്ടിലോറി. നടുറോഡില്‍ കിടന്നാണല്ലോ അഭ്യാസം. ഡ്രൈവറുടെ വക ആശയസമര സിദ്ധാന്തത്തിന്റെ പുതിയ വാക്‌ധോരണികള്‍. ഞങ്ങളുടെ ശ്രദ്ധ ഡ്രൈവറുടെ നേരെ തിരിഞ്ഞതും കമ്യൂണിസ്റ്റ് കോഴി സിനിമാ സ്റ്റൈലില്‍ ലോറിയുടെ പിന്നിലേക്കു ചാടിക്കയറിയതും ഒരുമിച്ച്.

അറിഞ്ഞോ അറിയാതെയോ കമ്യൂണിസ്റ്റ് കോഴിയെയും കൊണ്ട് ലോറി ദൂരേയ്ക്കു മറയുന്നതാണ് പിന്നെ കണ്ടത്.
ഞാനും കടക്കാരനും മുഖത്തോടു മുഖം നോക്കി.
നാണപ്പന്‍ പറഞ്ഞു.
അത് മാവോയിസ്റ്റുകളുടെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ്.
ആ സഖാവിനെ അവര്‍ക്ക് വേണം.

Email : [email protected], www.karoorsoman.com