യാത്രക്കാരന്‍ ബസ്സിനുള്ളില്‍ മറന്നുവെച്ച പാസ്‌പോര്‍ട്ടും വിസയും വിമാനത്താവളത്തിലെത്തി തിരിച്ചു കൊടുത്ത കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ. ഇരുവരെയും അഭിനന്ദിച്ച് ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

ബസ്സിലുണ്ടായിരുന്ന അനീഷ് അഷ്റഫ് എന്നയാളാണ് ഡ്രൈവറുടെയും കണ്ടക്ടറെയും നല്ല മനസ്സിനെ അഭിനന്ദിച്ച് കുറിപ്പ് എഴുതിയത്. കെഎസ് ആര്‍ടിസിയിലെ ഹീറോസ്..സല്യൂട്ട് എന്ന തലക്കെട്ടട്ടോടെ പോസ്റ്റ് ചെയ്ത കുറിപ്പിന് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കൈയ്യടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബസ് ഡ്രൈവര്‍ കൃഷ്ണദാസും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരും ആണ് ഈ നല്ല മനസ്സിന്റെ ഉടമകള്‍.

 ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെ എസ് ആര്‍ ടി സി യിലെ ഹീറോസ്… സല്യൂട്ട്

(6/01 /2019 രാത്രി 11 മണി ആയിക്കാണും)ഇന്നലെ പോസിറ്റീവ് കമ്യൂണിന്റെ ഗ്രാജ്യൂവേഷന്‍ സെറിമണിയില്‍ രവീന്ദ്രന്‍ സാറില്‍നിന്നും സര്‍ട്ടിഫിക്കറ്റും വാങ്ങി PC TOTS ന്റ ഒരു ട്രെയിനറായതിന്റെ സന്തോഷത്തില്‍ കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാന്‍ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാര്‍ നിറയെ ഉണ്ടായിരുന്നു ബസില്‍.

ബസ് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തി ഗള്‍ഫ് യാത്രയ്ക്കുള്ളവര്‍ എയര്‍പോര്‍ട്ടിലിറങ്ങി. ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോള്‍ കണ്ടക്ടര്‍ നിസാര്‍ സാറിനോട് എന്റെ മൊബൈല്‍ ചാര്‍ജ് ചെയ്യണമെന്ന് പറഞ്ഞു. പുള്ളി ചാര്‍ജ് ചെയ്യാന്‍ സ്ഥലം കാണിച്ചപ്പോള്‍ അവിടെ നിന്നും ഒരു കിറ്റ് കിട്ടി യാത്രക്കാരില്‍ ഒരാള്‍ കിറ്റ് തുറന്നു നോക്കി.

കുടുംബം പുലര്‍ത്താന്‍ ഗള്‍ഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്തീന്‍ എന്നയാളുടെ പാസ്‌പോര്‍ട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത്.. ബസ് സൈഡൊതുക്കി. മൊയ്തീന്റെ ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു.

ബസ് വെയിറ്റ് ചെയ്യുമെങ്കില്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. കുറച്ചു നേരം ബസില്‍ ചര്‍ച്ചയായിരുന്നു. ബസിന്റെ സാരഥി കൃഷ്ണദാസും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു ബസ് ഒന്നുകൂടി എയര്‍പോര്‍ട്ട് ലക്ഷ്യം വെച്ചു നീങ്ങി. എയര്‍ പോര്‍ട്ടിലെത്തി ബസ് ഹോണടി തുടങ്ങി. ഞാനുള്‍പ്പെടെ രണ്ട് മൂന്ന് യാത്രക്കാര്‍ പുറത്തിറങ്ങി അന്വേഷിച്ചു കുറച്ചു സമയത്തിനുള്ളില്‍ മൊയ്തീനെ കണ്ടു പാസ്‌പോര്‍ട്ടും രേഖകളും കൈമാറി. അയാള്‍ക്ക് സമാധാനമായി നമ്മുക്ക് സന്തോഷവും….ഈ ബസിലെ ഡ്രൈവര്‍ കൃഷ്ണദാസിനെയും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരിനെയും. മൊയ്തീനും യാത്രക്കാരായ ഞങ്ങളും മറക്കില്ല നിങ്ങള്‍ക്കൊരു… ബിഗ് സല്യൂട്ട്..

…KSRTC യിലെ ഹീറോസ്… സല്യൂട്ട് (6/01 /2019 രാത്രി 11 മണി ആയിക്കാണും)ഇന്നലെ പോസിറ്റീവ് കമ്യൂണിന്റെ ഗ്രാഡ്ജ്യൂയേഷൻ…