കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ ആദ്യം ദിവസം തന്നെ ചാര്‍ജ് തീര്‍ന്ന് പെരുവഴിയില്‍. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട അഞ്ചുബസുകളില്‍ നാലെണ്ണവും ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടക്കുകയാണ്. ചേര്‍ത്തലയില്‍ നിലച്ചുപോയ ബസിലെ യാത്രക്കാരെ പിന്നാലെ വന്ന ബസില്‍ കയറ്റിവിട്ടെങ്കിലും അതും ചാര്‍ജ് തീര്‍ന്നതുകാരണം വൈറ്റിലയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

223 കിലോമീറ്ററാണ് തിരുവനന്തപുരം എറണാകുളം റൂട്ട്. ഇലക്ട്രിക് ബസ് ഒരു തവണ ചാര്‍ജ് ചെയ്താന്‍ ഒാടുന്ന പരാമവധി ദൂരം 250 കിലോമീറ്റര്‍. ഗതാഗതക്കുരുക്കില്‍പെട്ടും പ്രധാന സ്റ്റോപ്പുകളിലെല്ലാം നിര്‍ത്തിയും ഒാടിയ ബസ് ചേര്‍ത്തലയിലെത്തിയപ്പോഴേക്കും ചാര്‍ജ് തീര്‍ന്നു. ബസ് വഴിയിലൊതുക്കിയശേഷം റിസര്‍വേഷന്‍ യാത്രക്കാരെ അടക്കം പിന്നാലെ വന്ന ഇലക്ട്രിക് ബസില്‍ കയറ്റിവിട്ടു.

ഈ ബസ് വൈറ്റിലയില്‍ എത്തിയപ്പോള്‍ ചാര്‍ജ് തീര്‍ന്നു. അപകടം മനസിലാക്കി പിന്നാലെ വന്ന രണ്ട് ബസുകള്‍ചുരുക്കം സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തിപോയതുകാരണം കഷ്ടിച്ച് എറണാകുളത്തെത്തിയിട്ടുണ്ട്. ഇനി റീചാര്‍ജ് ചെയ്യണമെങ്കില്‍ ആലുവയില്‍ പോകണം. അവിടെവരെ എത്താനുള്ള ചാര്‍ജ് ഇല്ലാത്തതിനാല്‍ എറണാകുളം ‍‍ഡ‍ിപ്പോയില്‍തന്നെ ഒതുക്കിയിട്ടിരിക്കുകയാണ്.

ബസ് പൂര്‍ണമായും ചാര്‍ജ് ചെയ്യണമെങ്കില്‍ കുറഞ്ഞത് നാലുമണിക്കൂര്‍ വേണം. കലക്ഷനും കുറവാണ്. അഞ്ചുമണിക്ക ് പുറപ്പെട്ടിരുന്ന സര്‍വീസില്‍ ഒറ്റട്രിപ്പില്‍ കുറഞ്ഞത് 18000 രൂപ കിട്ടിയിരുന്നിടത്ത് ഇലക്ട്രിക് ബസിന് കിട്ടിയത് 11000 രൂപ. നാലുമണിക്ക് പോയ സര്‍വീസില്‍ വെറും ഏഴായിരവും. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇലക്ട്രിക് ബസുകള്‍ പര്യാപതമല്ലെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. മതിയായ ചാര്‍ജിങ് സ്റ്റേഷന്‍ കൂടി സജ്ജീകരിക്കാതെ സര്‍വീസ് ആരംഭിച്ചത് കൂടുതല്‍ തിരിച്ചടിയായി.

ഗതാഗതക്കുരുക്കുള്ള ദേശിയപാതയിലെ ജംക്‌ഷനുകൾ കടന്ന് പറയുന്ന സമയത്ത് ബസ് എത്തിയില്ലെങ്കില്‍ ബാറ്ററി ചാർജ് തീർന്നു പോകുമെന്നു നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ പഠനങ്ങൾ നടത്താതെ വേഗത്തിൽ സർവീസ് ആരംഭിച്ചത്. തിരുവനന്തപുരത്തു കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് 5 ഇലക്ട്രിക് ബസ് സർവീസുകളാണ് ഇന്നു മുതൽ കെഎസ്ആർടിസി ആരംഭിച്ചത്. രാവിലെയും വൈകിട്ടുമാണു സർവീസുകൾ.